cm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പതിമൂന്നുപേർ രോഗമുക്തരായി. കോട്ടയം ആറ്. ഇടുക്കി നാല്, പാലക്കാട്, മലപ്പുറം,കണ്ണൂർ എന്നിവിടങ്ങളിൽ ഒരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതിൽ അഞ്ചുപേർ തമിഴ്നാട്ടിൽ നിന്നുവന്നവരാണ്. ഒരാൾ വിദേശത്തു നിന്നുവന്നതാണ്. മറ്റൊരാൾക്ക് രോഗം വന്നത് എവിടെനിന്നാണെന്ന് പരിശോധിച്ചുവരികയാണ്.രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമല്ല. ബാക്കിയുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. കോട്ടയവും ഇടുക്കിയും റെഡ് സോണിലേക്ക് മാറിയെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂരിൽ ആറുപേർക്കും കോഴിക്കോട്ട് നാലുപേർക്കും തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് നെഗറ്റീവായത്. ഇതുവരെ 481 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 123 പേർ ചികിത്സയിലാണ്. 20,301 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. ഇതിൽ 19,812 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 489 പേർ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. ഇന്നു മാത്രം 104 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 23,271 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 22,537 എണ്ണത്തിൽ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹ്യ സമ്പർക്കം കൂടുതലുള്ള വ്യക്തികൾ എന്നിങ്ങനെ മുൻഗണനാ ഗ്രൂപ്പുകളിൽനിന്ന് 875 സാംപിളുകൾ ശേഖരിച്ച് പരിശോധയ്ക്ക് അയച്ചു. 611 എണ്ണം നെഗറ്റീവാണ്. കൊവിഡ് പരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ 3056 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.

നേരത്തേ പ്രഖ്യാപിച്ച നാലു ജില്ലകൾ റെഡ് സോണിൽ തുടരും. ഇന്നലെയും ഇന്നുമായി കോട്ടയത്തും ഇടുക്കിയിലും വർദ്ധനവാണ് വരുന്നത്. ആ സാഹചര്യത്തിൽ രണ്ട് ജില്ലകളും റെഡ് സോൺ ആയി പ്രഖ്യാപിച്ചു. ഹോട്ട്സ്‌പോട്ടിന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ വണ്ടൻമേട്, ഇരട്ടയാർ, കോട്ടയത്ത് അയ്‌മനം, വെള്ളൂർ, അയർക്കുന്നം, തലയോലപ്പറമ്പ് പഞ്ചായത്തുകൾ ഹോട്ട്സ്‌പോട്ടാണ്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, വയനാട് എന്നീ നാലു ജില്ലകളാണ് കൊവിഡ് ബാധിച്ച് ആരും ചികിത്സയിലില്ലാത്തത്.

ഇന്ന് മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിൽ ചെറിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാകുമെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു. കേരളത്തിന്റെ അഭിപ്രായങ്ങൾ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഇന്നലെതന്നെ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ മാനദണ്ഡം അനുസരിച്ച് ലോക്ക് ഡൗണിൽ ചില ഇളവ് വരുത്തി. ലോക്ക് ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ ശ്രദ്ധാപൂർവം തീരുമാനിക്കണം എന്നും സംസ്ഥാനങ്ങളുടെ സവിശേഷത പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. മെയ് 15 വരെ ഭാഗിക ലോക്ക്ഡൗൺ തുടരണം എന്നാണ് ആവശ്യം.

തൊട്ടുമുൻപത്തെ ആഴ്ചയിൽ കൊവിഡ് 19 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിൽ ആൾക്കൂട്ടം, പൊതുഗതാഗതം നിയന്ത്രിച്ചും ശാരീരിക അകലം പാലിച്ചു ലോക്ക് ഡൗൺ തുടരാം എന്ന് നിർദ്ദേശിച്ചു. അന്തർ ജില്ലാ അന്തർ സംസ്ഥാന യാത്രകൾ മെയ് 15 വരെ നിയന്ത്രിക്കണം.

പ്രവാസികളിൽ പ്രതിസന്ധി അനുഭവിക്കുന്നവർക്ക് തിരികെ വരണം. സ്വന്തമായി വിമാന യാത്രാക്കൂലി വഹിക്കാൻ ബുദ്ധിമുട്ടുള്ളവരുടേത് കേന്ദ്രം വഹിക്കണമെന്ന് അഭ്യർത്ഥിച്ചു.തൊഴിൽ നഷ്ടപ്പെട്ടവർക്ക് സാമ്പത്തിക പിന്തുണ വേണം. കേന്ദ്രം പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം. അവരുടെ നൈപുണ്യം ഉപയോഗപ്പെടുത്താവുന്ന സ്‌കീമുകൾ രൂപീകരിക്കണം. വിദേശത്തേക്ക് ഹ്രസ്വകാല സന്ദർശനത്തിന് പോയവരെ തിരികെ കൊണ്ടുവരാൻ പ്രഥമ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ടു.