തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്തും അതിനുശേഷവും ഒാഫീസിലേക്കും മറ്റും പോകുമ്പോൾ ചില കാര്യങ്ങൾ പാലിച്ചേ മതിയാകൂ. അതിന് ചില തയ്യാറെടുപ്പുകൾ ആവശ്യമാണ്. ഇതു സംബന്ധിച്ച് ഡോ. ശ്രീജിത് എൻ.കുമാർ പറയുന്നത് ശ്രദ്ധിക്കാം. കൊറോണ വൈറസ് ശരീരത്തിനുള്ളിൽ കടന്നാൽ തുരത്താൻ മരുന്നോ വാക്സിനോ നിലവിലില്ല. എന്നാൽ ഉള്ളിൽ കടക്കുന്നതിനുമുമ്പ് ഇതിനെ സംഹരിക്കുക എളുപ്പമാണ്. അതിന് സോപ്പും, ബ്ലീച്ചിംഗ് പൗഡറും മതിയാവും.
രോഗം വരാതിരിക്കാൻ
കൊവിഡ് രോഗിയിൽ നിന്നു വരുന്ന സ്രവത്തിൽ വൈറസ് ഉണ്ടാകും. അടുത്തുനിൽക്കുന്നവരിലേക്ക് അത് നേരിട്ട് പ്രവേശിക്കാം. രോഗിക്ക് ചുറ്റമുള്ള പ്രതലങ്ങളിൽ വീഴുന്ന സ്രവങ്ങളിലെ വൈറസ് മണിക്കൂറുകൾ തുടങ്ങി ദിവസങ്ങൾ വരെ ജീവിച്ചിരിക്കാം. അതുകൊണ്ട് രോഗിയെന്ന് സംശയിക്കുന്നവരുടെ അടുത്തുപോകാതിരിക്കുന്നതാണ് ഉചിതം. കഴിയുന്നത്ര അകലം പാലിക്കണം.
വൈറസിനെ തുരത്താനുള്ള ഏറ്റവും നല്ല ആയുധം സോപ്പ് തന്നെ. എവിടെ പ്രവേശിക്കുമ്പോഴും ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകണം. എല്ലാ സ്ഥാപനങ്ങളുടെയും പ്രവേശന കവാടത്തിൽ ഇത് സജ്ജീകരിക്കണം. കൈ കഴുകാതെ ഒരാൾ ഉള്ളിൽ വന്നാൽ സ്ഥാപനത്തിലെല്ലാവർക്കും അപകടം സൃഷ്ടിച്ചേക്കാം. കൈ കഴുകാൻ സാധിക്കാത്ത സന്ദർഭങ്ങളിൽ 60 ശതമാനത്തിലധികം ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കാം.
രോഗിയിൽ നിന്ന് സ്രവങ്ങൾ പുറത്തുവീഴുന്നത് കുറയ്ക്കാൻ മുഖാവരണം സഹായിക്കും. കൈ കഴുകിയ ശേഷം വൃത്തിയുള്ള മാസ്കു വേണം ധരിക്കാൻ.
മാസ്കിട്ടാൽ അതിൽ തൊടരുത്. സ്രവങ്ങൾ അതിൽ പറ്റിയിട്ടുണ്ടാകാം. തൊട്ടാൽ ഉടൻ കൈകഴുകണം. വീട്ടിൽ തിരിച്ചെത്തുമ്പോൾ മാസ്‌ക് വള്ളിയിൽ പിടിച്ച് ഊരി അണുവിമുക്തമാക്കി, കഴുകി, വെയിലത്ത് ഉണക്കി, ഇസ്തിരിയിട്ട് വേണം വീണ്ടും ഉപയോഗിക്കാൻ. കളയുന്ന മാസ്‌കാണെങ്കിൽ ബ്ലീച്ചിംഗ് ലായനിയിൽ മുക്കി ആഴത്തിൽ കുഴിച്ചിടണം. അലക്ഷ്യമായി വലിച്ചെറിയരുത്.
പരിസര ശുചിത്വം
കഴുകാവുന്നിടമെല്ലാം സോപ്പ് ഉപയോഗിച്ച് കഴുകണം. പരിസരങ്ങൾ ബ്ലീച്ചിംഗ് പൗഡർ ലായനികൊണ്ട് തുടയ്ക്കുക. 1 % ഹൈപോക്ലോറൈറ്റ് ലായനിയാണ് ഉത്തമം. 10-30 ഗ്രാം ബ്ലീച്ചിംഗ് പൗഡർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയാൽ ഇത് ലഭിക്കും. ഇതുപയോഗിച്ച് തറ, കസേര, കൗണ്ടർ എന്നിവ തുടയ്ക്കാം. ബ്ലീച്ചിംഗ് ലായനി ഉപയോഗിക്കാൻ കഴിയാത്ത ലോഹ പ്രതലങ്ങളും മറ്റും ആൽക്കഹോൾ, ലൈസോൾ തുടങ്ങിയവകൊണ്ട് തുടയ്ക്കാം.