vld-1

വെള്ളറട/പാറശാല: കേരള - തമിഴ്നാട് അതിർത്തിയിൽ പൊലീസ് നിരീക്ഷണമില്ലാത്ത ഇടറോഡുകൾ തമിഴ്നാട് പൊലീസ് മണ്ണിട്ട് അടച്ചു. കുന്നത്തുകാൽ - പുരവൂർ റോഡ്,​ മണിവിള - പരശുവയ്‌ക്കൽ റോഡ്, പളുകൽ​ തുടങ്ങിയ റോഡുകളാണ് ഇന്നലെ രാവിലെ മണ്ണിട്ട് അടച്ചത്. കേരള അതിർത്തിയിലെ റോഡുകൾ നേരത്തെ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരുന്നു. ഇതിനു മുന്നിലാണ് മണ്ണിട്ടത്. തമിഴ്നാട്ടിൽ 60 മണിക്കൂർ സമ്പൂർണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അത്യാവശ്യ സാധനങ്ങൾ വാങ്ങാനും വിൽക്കാനുമായി അതിർത്തി മേഖലയിൽ നിന്ന് നിരവധി തമിഴ്നാട്ടുകാർ എത്തുന്നതായി നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിൽ അമ്പൂരി മുതൽ പാറശാലയിലെ ഇഞ്ചിവിള, ഐങ്കാമം അമ്പൂരി, വെള്ളറട, കുന്നത്തുകാൽ, പാറശാല, കൊല്ലയിൽ എന്നീ പഞ്ചായത്തിലെ പ്രദേശങ്ങളാണ് അതിർത്തി പങ്കുവയ്ക്കുന്നത്. സാമൂഹിക വ്യാപനത്തിന്റെ സാദ്ധ്യത കണക്കിലെടുത്താണ് റോഡുകൾ അടച്ചതെന്നാണ് തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. കളിയിക്കാവിള, ചെറിയക്കൊല്ല, നെട്ട എന്നിങ്ങനെയുള്ള ചെക്ക്പോസ്റ്റുകൾ ഒഴികെയുള്ള റോഡുകളാണ് അടച്ചതെന്ന് തക്കല ഡി.എസ്.പി. രാമചന്ദ്രൻ പറഞ്ഞു. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ രാത്രി കാലങ്ങളിൽ തകർക്കുന്നതും പതിവായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ആംബുലൻസിലെത്തിയ രോഗികളെ തടഞ്ഞു

കുഴിത്തുറ: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെ ആശുപത്രിയിലേക്ക് ചികിത്സയ്‌ക്കായി ആംബുലൻസിലെത്തിയ രോഗികളെ ഇഞ്ചിവിളയിൽ കേരള പൊലീസ് തടഞ്ഞ് തിരികെ അയച്ചു. തലസ്ഥാനത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗി തിരുവനന്തപുരം,​ കന്യാകുമാരി കളക്ടർമാരുടെ പാസ് കാണിച്ചിട്ടും പൊലീസ് കടത്തിവിട്ടില്ല. മറ്റൊരു ആംബുലൻസിലെത്തിയ കാൻസർ രോഗിയേയും പൊലീസ് തട‍ഞ്ഞു. തിരിച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹവുമായെത്തിയ ആംബുലൻസും പൊലീസ് തടഞ്ഞു. കൊവിഡ് ടെസ്റ്റ് ചെയ്‌തതിന്റെ പരിശോധനാഫലം ഇല്ലാത്തതുകൊണ്ടാണ് തടഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. കൊവിഡ് പരിശോധനയ്ക്കായി മൃതദേഹം ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഫോട്ടോ: തമിഴ്നാട് അതിർത്തിയിലെ കുന്നത്തുകാൽ -

പുരവൂർ റോഡ് മണ്ണിട്ട് അടച്ചപ്പോൾ.