തിരുവനന്തപുരം: കൊവിഡ് വ്യാപകമായ തമിഴ്നാട്ടിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി തമിഴ്നാട്- കേരള അതിർത്തിയിലെ മുപ്പതോളം സ്ഥലങ്ങൾ തമിഴ്നാട് പൊലീസിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ മണ്ണിട്ട് അടച്ചു.. കേരളത്തിലേക്ക് പ്രവേശിക്കാവുന്ന ഊടുവഴികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് ഇന്ന് രാവിലെ മുതൽ പൂർണമായും അടച്ചത്. കളിയിക്കാവിള, കന്നുമാമൂട്, കൂനമ്പന,കാരക്കോണം, രാമവർമ്മൻചിറ,തോലടി, പുല്ലന്തേരി, നിലമാമൂട്, ഉണ്ടൻകോട്, ചെറിയകൊല്ല,മലയിൻകാവ്,പുലിയൂർശാല, പനച്ചമൂട്,പടുക്കര,കപ്പിപ്പാറ, കളളിമൂട് തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന പാതകളും ഇടറോഡുകളുമാണ് തമിഴ്നാട് മണ്ണിട്ട് അടച്ചത്. ഇരുചക്രവാഹനങ്ങൾ പോലും കടന്നുവരാത്തവിധം റോഡുകൾ അടച്ച തമിഴ്നാട് ഇവിടങ്ങളിൽ പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ഇരു സംസ്ഥാനങ്ങളും അതിർത്തികൾ ബാരിക്കേഡ് വച്ച് അടച്ചിരുന്നെങ്കിലും ഊടുവഴികളിലൂടെ കാൽനടയായും ചെറുവാഹനങ്ങളിലും ആളുകൾ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും കടക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. കൊവിഡ് തമിഴ്നാടിന്റെ മിക്ക പ്രദേശങ്ങളിലും വ്യാപകമായ സാഹചര്യത്തിൽ ലോക്ക് ഡൗൺ നടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമാണ് റോഡുകൾ അടച്ചത്. അതിർത്തികളിൽ പരിശോധനയും ശക്തമാണ്.
കളിയിക്കാവിളയിൽ തമിഴ്നാട്ടിൽ നിന്ന് ആംബുലൻസിൽ തിരുവനന്തപുരം വലിയതുറയിലേക്ക് വന്ന സ്ത്രീയെ കൊവിഡ് പരിശോധനാ റിപ്പോർട്ടില്ലാത്തതിനാൽ കേരളപൊലീസ് തടഞ്ഞ് തിരിച്ചയച്ചു. തിരിച്ചിറപ്പള്ളിയിൽ നിന്നാണ് ഇവർ വന്നത്. ഹൃദ്രോഗിയാണെന്നും തിരുവനന്തപുരത്ത് ചികിത്സയ്ക്ക് വരികയാണെന്നും പറഞ്ഞ ഇവരിൽ സ്വകാര്യ ആശുപത്രിയിൽ നിന്നുളള റഫറൻസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ആരോഗ്യനില തൃപ്തികരമാണെന്ന് ബോദ്ധ്യപ്പെട്ടശേഷം കൊവിഡ് പരിശോധന നടത്തിവരാൻ നിർദേശിച്ച് ഇവരെ തിരുച്ചിറപ്പള്ളിയിലേക്ക് തിരിച്ച് അയയ്ക്കുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി..