സിംഗപ്പൂർ: സിംഗപ്പൂരിൽ കൊവിഡ് ബാധിതരുടെ എണ്ണം 14,423 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത് 799 പുതിയ കേസുകളാണ്. രോഗം സ്ഥിരീകരിച്ചിരിക്കുന്നതിൽ ഭൂരിഭാഗവും വിദേശ തൊഴിലാളികളാണ്. ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ തൊഴിലാളികൾ തിങ്ങി ഞെരുങ്ങി താമസിക്കുന്ന ഡോർമെറ്ററികളാണ് രാജ്യത്തെ കൊവിഡ് ഹോട്ട്സ്പോട്ടുകൾ. ഇപ്പോൾ സ്ഥിരീകരിച്ച 799 പേരിൽ 14 പേർ മാത്രമാണ് സിംഗപ്പൂർ സ്വദേശികളായുള്ളത്.
തെക്കൻ ഏഷ്യയിൽ നിന്നുള്ള ഏകദേശം 300,000 ഓളം പേരാണ് സിംഗപ്പൂരിൽ നിർമാണമേഖലയിൽ ജോലി ചെയ്യുന്നത്. കുറഞ്ഞ വേതനക്കാരായ ഇത്തരം തൊഴിലാളികൾ സൗകര്യങ്ങൾ തീരെ സൗകര്യം കുറഞ്ഞ ഡോർമെറ്ററി കെട്ടിടങ്ങളിലാണ് കഴിയുന്നത്. ഒരു മുറിയിൽ ഇരുപത് പേർ വരെയൊക്കെയാണ് സാധാരണ ഇവിടെ കാണുന്നത്. പങ്കോൾ നഗരത്തിൽ ഒരു ഡോർമെറ്ററി കോംപ്ലസിൽ കൊവിഡ് സ്ഥിരീകരിച്ചത് 1,508 പേരിലാണ്. രാജ്യത്ത് കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കൊറോണ വൈറസ് ക്ലസ്റ്ററാണിത്. വിദേശതൊഴിലാളികളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണെങ്കിലും സാമൂഹ്യ അകലം പാലിക്കാനാകാതെ പലരും റൂമുകൾക്കുള്ളിൽ കഴിയുന്നത് രോഗവ്യാപന ഭീഷണിയ്ക്ക് ആക്കം കൂട്ടുന്നു.