salary-cut-

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ ശമ്പളം അഞ്ചിലൊന്നേ വെട്ടിക്കുറയ്ക്കുകയുള്ളൂവെങ്കിലും കരമനയിലെ ജി.എസ്.ടി കമ്മിഷണറേറ്റിലെ ഓഫീസർമാരുൾപ്പെടെയുള്ള 66 ജീവനക്കാർക്ക് കട്ട് കഴിഞ്ഞാൽ കൈയിൽ വാങ്ങാൻ ബാക്കിയുണ്ടാവില്ല.

കെ. എസ്.എഫ് ഇയിലെ ചിട്ടി പിടിക്കാനായി ഇതേ ഓഫീസിലെ കോൺഫിഡൻഷ്യൽ അസിസ്റ്രന്റും ഗസറ്റഡ് ഓഫീസറുമായ യുവതിക്ക് ജാമ്യം നിന്നവരാണ് ഈ 66 പേരും. 2010 മുതൽ തലസ്ഥാനത്തെ വിവിധ കെ.എസ്.എഫ്.ഇ ശാഖകളിൽ നിന്ന് 30 ചിട്ടികളിൽ നിന്നായി ഒന്നരകോടി രൂപയാണ് ജീവനക്കാരി എടുത്തത്. എന്നാൽ,​ കഴിഞ്ഞ രണ്ടുവർഷമായി ഈ ജീവനക്കാരി ഒളിവിലാണ്. ഇവരിൽ നിന്ന് തുക പിരിച്ചെടുക്കാൻ കെ.എസ്. എഫ്.ഇ ഒരു ശ്രമവും നടത്തുന്നുമില്ല. പകരം ജീവനക്കാരുടെ ശമ്പളത്തിൽ നിന്നാണ് തുക പിടിക്കുന്നത്. ഇതിനെതിരെ 28 ജീവനക്കാ‍ർ കരമന പൊലീസ് സ്റ്രേഷനിൽ പരാതി നൽകിയിട്ടുണ്ട്. പരാതിക്കാരിലൊരാളായ

ഇന്റേണൽ ഓഡിറ്റ് വിഭാഗം ഓഫീസർക്ക് ശമ്പളമായ 61,000 ൽ നിന്ന് കെ.എസ്.എഫ്.ഇ പിടുത്തം കഴിഞ്ഞ് ഇപ്പോൾ കിട്ടുന്നത് 12,000 രൂപയാണ്. കൊവിഡിന്റെ ഭാഗമായുള്ള ആറുദിവസത്തെ ശമ്പളം കൂടി പിടിച്ചുതുടങ്ങിയാൽ അഞ്ചുമാസം ഒരു രൂപ പോലും പാവത്തിന്റെ കൈയിൽ കിട്ടില്ല. ഈ ഓഫീസിലെ 66 ജീവനക്കാർക്കും ഇതേ ഗതിയാണ്. രണ്ടുവർഷമായി ഒളിവിലായിട്ടും യുവതിക്കെതിരെ വകുപ്പു തല നടപടികളെടുത്തിട്ടില്ലെന്നാണ് ജീവനക്കാ‌ർ പറയുന്നത്. ഇവർക്ക് ചിട്ടി പിടിച്ചുകൊടുക്കാൻ കെ.എസ്.എഫ്.ഇ ഒത്തുകളിച്ചതായും അവർ ആരോപിക്കുന്നു.