തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ആരോഗ്യപ്രവർത്തകൻ ഉൾപ്പെടെ 13 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് ആറു പേർക്കും ഇടുക്കിയിൽ നാലു പേർക്കും പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണിതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോട്ടയം വടവാതൂർ സ്വദേശിയും 40കാരനുമായ ആരോഗ്യപ്രവർത്തകനാണ് വൈറസ് ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച മറ്റുള്ളവരിൽ ഒരാൾ അമേരിക്കയിൽ നിന്നും അഞ്ചു പേർ തമിഴ്‌നാട്ടിൽ നിന്നും വന്നവരാണ്. ആറു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
അതേസമയം ഇന്നലെ 13 പേർ രോഗമുക്തി നേടി. കണ്ണൂരിൽ ആറു പേരുടെയും കോഴിക്കോട്ട് നാലു പേരുടെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തരുടെയും പരിശോധനാഫലമാണ് നെഗറ്റീവായത്. 355 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
സെൻറിനൽ സർവയലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 875 സാമ്പിളുകൾ ശേഖരിച്ചതിൽ ലഭ്യമായ 611 സാമ്പിളുകൾ നെഗറ്റീവാണ്. ഞായറാഴ്ച 3056 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.
സ്ഥിതി ഇങ്ങനെ
*നിരീക്ഷണത്തിൽ - 20,301 പേർ
*വീടുകളിൽ - 19,812 പേർ
* ആശുപത്രികളിൽ- 489 പേർ
* ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ - 104
* പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ - 23,271
* നെഗറ്റീവ് - 22,537
കോട്ടയം, ഇടുക്കി
റെഡ്സോണിൽ
കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ കോട്ടയത്തെയും ഇടുക്കിയെയും റെഡ് സോണിൽ ഉൾപ്പെടുത്തി. ജില്ലകളിൽ ഇനി കർശന നിയന്ത്രണമായിരിക്കും. ഇളവുകൾ അനുവദിക്കില്ല. കഴിഞ്ഞയാഴ്ച ഈ ജില്ലകളിൽ രോഗബാധിതർ ഇല്ലാത്തതിനാൽ ഗ്രീൻസോണായി പ്രഖ്യാപിച്ച് ഇളവുകൾ നൽകിയിരുന്നു. പെട്ടെന്നുള്ള രോഗവ്യാപനത്തോടെ കോട്ടയത്ത് 17ഉം ഇടുക്കിയിൽ 14 പേരുമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതോടെ റെഡ് സോണുകളുടെ എണ്ണം ആറായി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് മറ്റ് റെഡ്സോണുകൾ.
ഇതോടൊപ്പം ആറു സ്ഥലങ്ങളെ ഹോട്ട് സ്‌പോട്ട് പട്ടികയിലും ഉൾപ്പെടുത്തി. ഇടുക്കിയിലെ വണ്ടൻമേട്, ഇരട്ടയാർ, കോട്ടയത്തെ അയ്മനം, വെള്ളൂർ, അയർകുന്നം, തലയോലപ്പറമ്പ് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 93 ആയി.
കൊവിഡ്: ആറ് പുതിയ ലക്ഷണങ്ങൾ
വാഷിംഗ്ടൺ: കൊവിഡ് സൂചനാപ്പട്ടികയിൽ ആറ് പുതിയ ലക്ഷണങ്ങൾ അമേരിക്കയിലെ പൊതുജനാരോഗ്യ സംഘടനയായ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കൂട്ടിച്ചേർത്തു. കൊവിഡ് രോഗികളിൽ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണിത്.
ശരീരത്തിൽ തണുപ്പ് അനുഭവപ്പെടുക, വിറയൽ, പേശീവേദന, തലവേദന, തൊണ്ടവേദന, രുചിയും മണവും നഷ്ടമാവൽ എന്നിവയാണ് പുതിയ ലക്ഷണങ്ങൾ. പനി, കഫക്കെട്ട്, ശ്വാസതടസം എന്നിവയായിരുന്നു നേരത്തെ കൊവിഡ് ലക്ഷണങ്ങളായി അംഗീകരിച്ചിരുന്നത്. മൂക്കൊലിപ്പ് ചില രോഗികളിൽ ലക്ഷണമായി കാണാറുണ്ടെങ്കിലും തുമ്മൽ ലക്ഷണമായി കണക്കാക്കാനാവില്ലെന്നും സി.ഡി.സി.പി പറയുന്നു.