തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ കഴിയുന്ന വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് മാർഗ നിർദ്ദേശങ്ങൾ തയ്യാറാക്കി. കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുള്ളവരെയാണ് നാട്ടിലെത്തിക്കുക. ഇതിനായി സ്വന്തമോ,സ്വകാര്യ വാഹനങ്ങളോ ഉപയോഗിക്കണം. ആവശ്യമെങ്കിൽ കേന്ദ്രസർക്കാരിന്റെ അനുമതിയോടെ കെ.എസ്.ആർ.ടി.സി സർവീസ് നടത്തണമെന്നും മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. ഇന്ന് മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം മാർഗനിർദ്ദേശങ്ങൾക്ക് അന്തിമ രൂപം നൽകും. അതിനു മുമ്പ് ഗതാഗതമന്ത്രി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയുമായി ചർച്ച ചെയ്യും. നോർക്ക, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചയും ഇന്ന് നടക്കും.ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാലിനാണ് ഏകോപന ചുമതല.
ബംഗളരൂവിൽ മാത്രം അയ്യായിരത്തോളം വിദ്യാർത്ഥികളാണ് കുടുങ്ങി കിടക്കുന്നത്. നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാൻ നോർക്ക ഉടൻ സൗകര്യം ഒരുക്കും. യാത്ര ചെയ്യണമെങ്കിൽ രോഗം ഇല്ലായെന്ന് അതാത് സ്ഥലത്തെ മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റാണ് വേണ്ടത്. ഒരു ദിവസം നിശ്ചിത എണ്ണം ആളുകളെയേ കൊണ്ടു വരൂ. രാവിലെ 8നും 11 മണിക്കും ഇടയിൽ മഞ്ചേശ്വരം, മുത്തങ്ങ, വാളയാർ, അമരവിള എന്നീ ചെക്ക് പോസ്റ്റ് വഴിയേ വാഹനങ്ങൾ കടത്തിവിടൂ.
ശുപാർശകൾ
അതിർത്തി കടന്ന് എത്തുന്നവരെ ചെക്ക് പോസ്റ്റുകളിൽ പരിശോധിക്കാൻ പൊലീസിനേയും മെഡിക്കൽ സംഘത്തേയും നിയോഗിക്കണം.
വാഹനങ്ങൾ ഫയർഫോഴ്സ് അണു മുക്തമാക്കണം.
തിരിച്ചെത്തുന്നവർ നിരീക്ഷണ കേന്ദ്രങ്ങളിലേക്കാണ് പോകുന്നതെന്ന് ഉറപ്പുവരുത്താൻ ജില്ലാ ഭരണ കൂടം പ്രത്യേക സംഘത്തെ നിയോഗിക്കണം
ബസിൽ സാമൂഹിക അകലം പാലിക്കണം, എ.സി പാടില്ല, മാസ്‌ക് നിർബന്ധം