lock

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വിദഗ്ദ്ധരുടെ ആദ്യഘട്ട വിലയിരുത്തലനുസരിച്ച് ഈ സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ കേരളത്തിന്റെ മൊത്തം മൂല്യവർദ്ധനയിലുണ്ടാകുന്ന നഷ്ടം ഏകദേശം 80,000കോടി രൂപയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ഥിതിഗതികൾ മെച്ചപ്പെടുന്നില്ലെങ്കിൽ നഷ്ടം കൂടും.

ലോക്ക് ഡൗൺ കാലയളവിൽ 83.30ലക്ഷം വരുന്ന സ്വയംതൊഴിൽ വിഭാഗക്കാരുടെയും കാഷ്വൽ തൊഴിലാളികളുടെയും വേതന നഷ്ടം 14,000കോടിയാണ്. ഹോട്ടൽ,റസ്റ്രറന്റ് മേഖലയിൽ 20,000കോടിയാണ് നഷ്ടം. മത്സ്യബന്ധന, വിവരസാങ്കേതിക മേഖലകളിലും ഗണ്യമായ തൊഴിൽനഷ്ടം.

മുഖ്യമന്ത്രി പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടത്

വരുമാനം നിലച്ച ചെറുകിടവ്യാപാരികൾക്ക് പ്രത്യേക പരിഗണന വേണം. ദേശീയ ദുരന്തനിവാരണ ഫണ്ടിന് കീഴിലെ പാക്കേജിലൂടെ കേന്ദ്രസർക്കാർ ഇവരെ പിന്തുണയ്ക്കണം. ഇവർക്ക് രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ വായ്പയനുവദിക്കണം. ഇതിന്റെ പലിശ കേന്ദ്രം വഹിക്കണം.

അസംഘടിത മേഖലകളിൽ തൊഴിലെടുക്കുന്നവർക്ക് ദേശീയതലത്തിൽ വരുമാന സഹായപദ്ധതി വേണം.

തൊഴിൽ സംരംഭങ്ങളിലെ തൊഴിൽ നിലനിറുത്താൻ സബ്സിഡി ഏർപ്പെടുത്തണം.

ചെറുകിട വ്യവസായങ്ങളുടെ നഷ്ടം നികത്താൻ കുറഞ്ഞ പലിശനിരക്കിൽ കൂടുതൽ പണമിടപാട് നടക്കണം.

നിലവിലെ ലോണുകൾക്ക് 50 ശതമാനത്തോളം പലിശയിളവ് വേണം.

ചെറുകിടസ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഇ.എസ്.ഐ വേതനം.

ഇ.പി.എഫ് വിഹിതത്തിന്റെ പരിധി 15000ത്തിൽ നിന്ന് 25000 രൂപയാക്കണം.

സംസ്ഥാനങ്ങൾക്കുള്ള ഭക്ഷ്യധാന്യ, പയർവർഗ വിതരണം ആവശ്യമായ തോതിലുണ്ടെന്ന് ഉറപ്പാക്കണം.