തിരുവനന്തപുരം: ലോക്ക് ഡൗണിനു ശേഷം ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട തസ്തികകളിലേക്കുള്ള പരീക്ഷകൾ നടത്തുന്നതിന് പി.എസ്.സി മുൻഗണന നൽകും. കൊവിഡ് 19, മഴക്കാല രോഗങ്ങൾ എന്നിവയുടെ സാഹചര്യം പരിഗണിച്ചാണിത്. അസിസ്റ്റന്റ് സർജൻ, സ്റ്റാഫ് നഴ്സ്, ലബോറട്ടറി ടെക്നിഷ്യൻ ഉൾപ്പെടെയുള്ള തസ്തികകളിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ ലോക്ക് ഡൗൺ സമയത്ത് പി.എസ്.സി നിയമന ശുപാർശ നൽകിയിരുന്നു.
ലോക്ക് ഡൗൺ പിൻവലിച്ച ശേഷമേ പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിക്കൂ. മേയ് 30 വരെയുള്ള പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ്, എൽ.പി, യു.പി അസിസ്റ്റന്റ്, കോളേജ് അദ്ധ്യാപകർ, കെ.എ.എസ് മെയിൻ ഉൾപ്പെടെയുള്ള പ്രധാന തസ്തികകളിലേക്കുള്ള പരീക്ഷകൾ വർഷാവസാനത്തോടെ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ലോക്ക് ഡൗൺ പിൻവലിക്കുന്നതോടെ പി.എസ്.സിയുടെ പ്രവർത്തനങ്ങൾ പൂർണതോതിൽ പുനരാരംഭിക്കും. ആഴ്ച തോറുമുള്ള മെമ്പർമാരുടെ യോഗം ഇപ്പോൾ നടക്കുന്നില്ല.
ഇ-വേക്കൻസി നിബന്ധന ഇല്ല
മാർച്ച് 31നു ശേഷം ഇ-വേക്കൻസി സോഫ്‌ട്‌വെയർ മുഖേനയല്ലാതെ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ സ്വീകരിക്കില്ലെന്ന് പി.എസ്.സി വ്യക്തമാക്കിയിരുന്നു. എന്നാൽ കൊവിഡ് 19 സാഹചര്യം പരിഗണിച്ച് ഈ തീരുമാനത്തിൽ ഇളവു വരുത്തി. ലോക്ക് ഡൗൺ പിൻവലിച്ച് സാധാരണ നില എത്തുന്നതു വരെ തപാൽ വഴിയും ഇമെയിൽ മുഖേനയും റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളും സ്വീകരിക്കും.
ലോക്ക് ഡൗൺ കഴിഞ്ഞ് മൂന്നാഴ്ചയ്ക്കകം കെ.എ.എസ് ഫലം
കെ.എ.എസ് പ്രാഥമിക പരീക്ഷയുടെ മൂല്യനിർണയം ലോക്ക് ഡൗൺ പിൻവലിക്കുന്നതോടെ പുനരാരംഭിക്കും. മൂല്യനിർണയത്തിന് 18 ദിവസം മതി. ലോക്ക് ഡൗൺ പിൻവലിച്ച് മൂന്നാഴ്ചയ്ക്കകം ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും ഫൈനൽ പരീക്ഷ ജൂലായിൽ നടത്താനുമാണ് തീരുമാനിച്ചിട്ടുള്ളത്.