flights

തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക തുടങ്ങിയ രജിസ്ട്രേഷൻ സൈറ്റിൽ സർക്കാർ പ്രതീക്ഷിക്കാത്തത്ര പ്രതികരണം. രണ്ടര ലക്ഷത്തിലധികം പേരാണ് ഒരു ദിവസത്തിനിടെ രജിസ്‌റ്റർ ചെയ്തത്. യു.എ.ഇയിൽ നിന്നുള്ളവരാണ് കൂടുതലും. 35,000 ത്തോളം പേർ യു.എ.ഇയിൽ നിന്നു മാത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആകെ അഞ്ചരലക്ഷം പേർ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. പശ്ചിമേഷ്യയിൽ നിന്നുമാത്രം മൂന്ന് ലക്ഷത്തോളം മലയാളികൾ മടങ്ങിയെത്തുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. മതിയായ രേഖകളില്ലാത്ത ഒരു ലക്ഷത്തോളം പേർ കുവൈറ്റിൽ നിന്ന് മടങ്ങിയെത്തും.

കേരളമടക്കം എട്ട് സംസ്ഥാനങ്ങളിലാണ് പ്രവാസികൾ കൂടുതലായെത്തുക. മഹാരാഷ്ട്ര, പഞ്ചാബ്, ഡൽഹി, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. ഇതിൽ കേരളമാണ് മുന്നിൽ. മടങ്ങിവരുന്നവർക്കായി തിരുവനന്തപുരം,​ നെടുമ്പാശേരി,​ കരിപ്പൂർ,​ കണ്ണൂർ വിമാനത്താവളങ്ങളിൽ ആവശ്യമായ സജ്ജീകരണം ഒരുക്കും. വിമാനത്താവളങ്ങൾക്ക് സമീപത്തെ ആശുപത്രികൾ,​ സ്‌കൂളുകൾ,​ ആഡിറ്റോറിയങ്ങൾ തുടങ്ങിയവയുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി. മടങ്ങിവരുന്ന എല്ലാവരെയും സർക്കാർ സൗകര്യങ്ങളിൽ പാർപ്പിക്കേണ്ടതില്ലെന്നാണ് ധാരണയായിട്ടുള്ളത്. അതത് രാജ്യങ്ങളിൽ പരിശോധന കഴിഞ്ഞാണ് പ്രവാസികൾ മടങ്ങിയെത്തുക. അതിനാൽ ക്വാറന്റൈൻ വീട്ടിലുമാകാം. വീടുകളിൽ പ്രത്യേകം ടോയ്‌‌‌ലെറ്റ് സൗകര്യമില്ലാത്തവർ,​ അംഗസംഖ്യ കൂടുതലുള്ള കുടുംബത്തിലുള്ളവർ തുടങ്ങിയവർക്ക് സർക്കാർ തന്നെ ക്വാറന്റൈൻ സൗകര്യമൊരുക്കും.

അന്യസംസ്ഥാനത്ത് കുടുങ്ങിയവർക്ക് രജിസ്ട്രേഷൻ നാളെ മുതൽ

അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് കേരളത്തിലേക്ക് മടങ്ങാനുള്ള രജിസ്ട്രേഷൻ നാളെ മുതൽ ആരംഭിക്കും. പ്രവാസികളെ പോലെ ഇവർക്കും ക്വാറന്റൈൻ നിർബന്ധമാണ്. അതിർത്തിയിലും ഇവരെ പരിശോധിക്കും. ഏതൊക്കെ വഴികളിലൂടെ കൊണ്ടുവരണമെന്ന് പിന്നീട് തീരുമാനിക്കും.

മുൻഗണന ഇവർക്ക്

അന്യസംസ്ഥാനങ്ങളിൽ ചികിത്സയ്ക്കു പോയവർ,​ ചികിത്സ കഴിഞ്ഞവർ


കേരളത്തിൽ വിദഗ്ദ്ധചികിത്സ കാത്തിരിക്കുന്ന അന്യസംസ്ഥാനക്കാർ


അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ, പഠനം പൂർത്തിയാക്കിയവർ​


 പരീക്ഷ, അഭിമുഖം, തീർത്ഥാടനം, വിനോദസഞ്ചാരം, ബന്ധുക്കളെ കാണാൻ പോയവർ

കൃഷിക്കായി പോയവർ, ജോലി നഷ്ടപ്പെട്ടവർ, റിട്ടയർ ചെയ്തു നാട്ടിലേക്ക് വരേണ്ടവർ

രജിസ്റ്റർ ചെയ്യേണ്ടത്: registernorkaroots.org