തിരുവനന്തപുരം : കൊവിഡ് ബാധിതരുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങൾ വ്യക്തിഗതവിവരങ്ങൾ ശേഖരിച്ച് അപ്‌ലോഡ് ചെയ്യുന്നരീതി അവസാനിച്ചു. രണ്ടാഴ്ച മുമ്പു വരെ വിവരങ്ങൾ ശേഖരിച്ച് സ്പ്രിൻക്‌ളർ കമ്പനിയുടെ സൈറ്റിലാണ് അപ്‌ലോഡ് ചെയ്തിരുന്നത്. എന്നാൽ സ്പ്രിൻക്‌ളർ വിവാദം ഉയർന്നതോടെ അത് അവസാനിച്ചു. പകരം ഹൗസ് വിസിറ്റ് (housevisitkerala gov.in) എന്ന സൈറ്റിലേക്ക് വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള നിർദേശം സർക്കാർ വാക്കാൽ നൽകിയെങ്കിലും അത് ഫലപ്രദമായില്ല. സ്പ്രിൻക്‌ളറിൽ അപ്‌ലോഡ് ചെയ്യാനുള്ള ഉത്തരവ് ഇറക്കിയ തദ്ദേശവകുപ്പ് ഹൗസ്‌വിസിറ്റിന്റെ കാര്യം അറിഞ്ഞിട്ടുമില്ല. ഇതോടെ തദ്ദേശസ്ഥാപനങ്ങൾ വഴിയുള്ള വ്യക്തിഗത വിവര ശേഖരണം നിലച്ചു. ഇപ്പോൾ തദ്ദേശസ്ഥാപനങ്ങൾ ആകെ എണ്ണം മാത്രമാണ് അപ്‌ലോഡ് ചെയ്യുന്നത്. രണ്ട് ദിവസമായി ഇൻഫർമേഷൻ കേരള മിഷന്റെ (ഐ.കെ.എം) പാൻഡമിക് എൽ.എസ്.ജി.ഡി എന്ന ആപ്ലിക്കേഷനിലൂടെയാണ് ഈ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത്. പോസ്റ്റീവായവരുടെ ആകെ എണ്ണം, സ്ത്രീകളുടെയും പുരുഷൻമാരുടെയും എണ്ണം, ഹൈറിസ്ക്ക് , ലോ റിസ്‌ക്ക് കേസുകൾ, കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങിയവയുടെ കണക്കുകൾ മാത്രമാണ് ഇത്തരത്തിൽ ശേഖരിച്ച് അപ്‌ലോഡ് ചെയ്യുന്നത്. ഇതിൽ ആരുടെയും വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്നില്ല.
കൊവിഡ് ബാധിതരുടെ വ്യക്തിഗത വിവരങ്ങൾ നേരത്തെ ശേഖരിച്ചിരുന്നതായും ഇപ്പോൾ ആകെ കണക്കുകൾ മാത്രമാണ് ശേഖരിക്കുന്നതെന്നും നഗരകാര്യവകുപ്പിലെയും പഞ്ചായത്തിലെയും അധികൃതർ വ്യക്തമാക്കി. അതേസമയം തദ്ദേശസ്ഥാപനങ്ങൾ ദൈനംദിന കൊവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്വന്തം നിലയ്ക്ക് വിരങ്ങൾ ശേഖരിച്ച് ഡാറ്റാ ഷീറ്റ് തയ്യാറാക്കുന്നുണ്ട്. തിരുവനന്തപുരം കോർപറേഷൻ ഉൾപ്പെടെയുള്ള ചില തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തനം എളുപ്പത്തിലാക്കാൻ സ്വന്തമായി മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. ഇവർ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ ഉൾപ്പടെ ഇതിൽ ദിവസേന അപ്‌ലോഡ് ചെയ്യും.
സ്പ്രിൻക്‌ളർ വന്നത്
ആരും അറിയാതെ
നഗരകാര്യ ഡയറക്ടറേറ്റോ പഞ്ചായത്ത് വകുപ്പോ അറിയാതെയായിരുന്നു സ്പ്രിൻക്‌ളറിൻെറ വരവ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സെക്രട്ടേറിയറ്റിലെ വാർ റൂമിൽ നിന്ന് പഞ്ചായത്തുകൾക്കും കോർപറേഷനുകൾക്കും നേരിട്ട് വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള യു.ആർ.എൽ (htpp : //kerala fieldcovid.spriklr.com) നൽകുകയായിരുന്നു.
ഇതിനിടെ ചില തദ്ദേശസ്ഥാപനങ്ങൾക്ക് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിൽ സാങ്കേതിക തടസം നേരിട്ടതോടെ നഗരകാര്യ, പഞ്ചായത്ത് ഡയറക്ടറേേറ്റുകളിലേക്ക് സഹായം തേടിയുള്ള വിളിയെത്തി. അപ്പോഴാണ് വകുപ്പ് മേധാവികൾ വിവരം അറിയുന്നത്. ഇതിന് പിന്നാലെ മാർച്ച് 27നാണ് തദ്ദേശവകുപ്പ് സ്പ്രിൻക്‌ളറിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഈമാസം 13മുതൽ സ്പ്രിൻക്‌ളറിന്റെ യു.ആർ.എൽ ലഭ്യമാകുന്നില്ല. ഇതോടെയാണ് വ്യക്തിഗത വിവരം അപ്‌ലോഡ് ചെയ്യുന്നത് അവസാനിച്ചത്.