കോവളം: മോഷ്ടിച്ച വാഹനത്തിൽ ആറ്റിങ്ങലിൽനിന്ന് മദ്യം കവർന്ന കേസിൽ അഞ്ചംഗ സംഘത്തെ കോവളം പൊലീസ് അറസ്റ്റു ചെയ്തു. കോവളം വെള്ളാർ കോളനിയിൽ പണയിൽ വീട്ടിൽ കാട്ടിലെ കണ്ണൻ എന്നു വിളിക്കുന്ന ബിമൽ മിത്ര (20), കോവളം കുഴിവിളാകം ക്ഷേത്രത്തിനു സമീപം കുക്കു എന്ന അജിത്ത് (19), കെ.എസ് റോഡിൽ വേടർ കോളനിയിൽ വേങ്ങ നിന്ന വിള വീട്ടിൽ നാദിർഷ (20), ചിറയിൻകീഴ് കിഴുവിലം അണ്ടൂർക്കുറക്കട ചരുവിള വീട്ടിൽ ക്രൈസി മഹേഷ് എന്ന് വിളിക്കുന്ന മഹേഷ് (24), വർക്കല ഇളമൺ അയിരൂർ കൈതപ്പുഴ കുടക്കുന്ന് വിഷ്ണു ഭവനിൽ വിഷ്ണു (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോവളം തേരിയിൽ വീട്ടിൽ അനിക്കുട്ടൻ (19) ഏതാനും ദിവസങ്ങൾക്കു മുമ്പ് പൊലീസിന്റെ പിടിയിലായിരുന്നു.
കഴിഞ്ഞ 16ന് ആറ്റിങ്ങൽ ഐ.ടി.ഐ.ക്ക് എതിർവശത്തുള്ള ബിവറേജസ് കോർപറേഷന്റെ ഗോഡൗണിലേക്കു കൊണ്ടുവന്നതായിരുന്നു മദ്യം. ലോഡിറക്കുന്നതിനു മുൻപ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തുടർന്ന് ലോറികൾ മാമത്തേക്കു മാറ്റിയിട്ടു. ടാർപ്പോളിൻ മൂടിക്കെട്ടിയാണ് മദ്യക്കുപ്പികളടങ്ങിയ പെട്ടികൾ ലോറികളിൽ സൂക്ഷിച്ചിരുന്നത്. ഇവിടെ മദ്യക്കുപ്പികൾ സൂക്ഷിച്ചിരിക്കുന്നതായി അറിഞ്ഞ വിമൽ മിത്ര, അജിത്ത്, നാദിർഷ എന്നിവരുമായി ചേർന്ന് കോവളം വേടർ കോളനിയിൽ നിന്ന് പൾസർ ബൈക്ക് മോഷ്ടിച്ച് ആറ്റിങ്ങലിലേക്ക് പോയി. കോരാണിക്ക് സമീപം വച്ച് ബൈക്ക് പഞ്ചറായതിനെ തുടർന്ന് സുഹൃത്തുക്കളായ മഹേഷ്, വിഷ്ണു എന്നിവരെ ബൈക്ക് ഏല്പിച്ച ശേഷം ഇവിടെ നിന്നു മറ്റൊരു ബൈക്ക് മോഷ്ടിച്ചു. തുടർന്ന് ഒതുക്കിയിട്ടിരുന്ന ലോറിയിൽ നിന്ന് നൂറോളം മദ്യക്കുപ്പികൾ മോഷ്ടിക്കുകയായിരുന്നു. പ്രതികൾ വഞ്ചിയൂർ, നെടുമങ്ങാട് സ്റ്റേഷൻ പരിധിയിൽ നിന്ന് വാഹനങ്ങൾ മോഷ്ടിച്ചട്ടുള്ളതായും പൊലീസ് പറഞ്ഞു. കോവളം പൊലീസ് എസ്.എച്ച്.ഒ പി.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.