തിരുവനന്തപുരം: പോക്കറ്റ് മണിയും വിഷുക്കൈനീട്ടവും സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയതും ചേർത്ത് വിദ്യാർത്ഥികൾ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ സംഭാവന കൈമാറി. പോത്തൻകോട് ഗവ.യു പി സ്‌കൂളിലെ വിദ്യാർത്ഥികളാണ് 17,162രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യമന്ത്രിക്ക് വേണ്ടി തുക ഏറ്റുവാങ്ങി. സർക്കാർ ജീവനക്കാരുടെ ആറുദിവസത്തെ ശമ്പളം താത്കാലികമായി കട്ട് ചെയ്യാൻ തീരുമാനിച്ച ഉത്തരവ് കത്തിച്ച കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. സലാഹുദ്ധീൻ ഹെഡ്‌മാസ്റ്ററായ സ്‌കൂളിലെ വിദ്യാർത്ഥികളാണ് തുക നൽകിയത്. വിദ്യാർത്ഥികൾ അദ്ധ്യാപകന് മാനവികതയുടെ പാഠം പറഞ്ഞുകൊടുക്കുന്ന കാഴ്ചയ്‌ക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലൻനായർ ചടങ്ങിൽ പങ്കെടുത്തു.