തിരുവനന്തപുരം: കൊവിഡ് മൂലം സമ്പദ്ഞെരുക്കത്തിലായ ഐ.ടി കമ്പനികൾക്ക് ഇളവുകളുമായി സർക്കാർ. ഐ.ടി പാർക്കുകളിലെ സർക്കാർ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഐ.ടി., ഐ.ടി അനുബന്ധ കമ്പനികൾ, ഐ.ടി ഇതര സ്ഥാപനങ്ങൾ എന്നിവ മൂന്നുമാസത്തെ വാടക നൽകേണ്ട. 10,000 ചതുരശ്ര അടിവരെ വാടകയ്ക്കെടുത്ത കമ്പനികൾ ഏപ്രിൽ മുതൽ ജൂൺ വരെ വാടക നൽകേണ്ടതില്ല. ഐ.ടി. പാർക്കുകളിലെ ഇൻകുബേഷൻ സെന്ററുകൾക്കും ഇതു ബാധകമാണ്.

ഇതിൽ കൂടുതൽ സ്ഥലത്ത് പ്രവർ‌ത്തിക്കുന്നവരുടെ വാടകയ്ക്ക് മൂന്നുമാസം മോറട്ടോറിയം അനുവദിച്ചു. ഇത്, ജൂലായ് - സെപ്‌തംബർ കാലയളവിൽ പിഴയില്ലാതെ അടയ്ക്കാം. അഞ്ചുശതമാനം വാർഷിക വർദ്ധന ഈവർഷം നടപ്പാക്കില്ല. നടപ്പുവർഷം പുതുതായി ഐ.ടി പാർക്കിലെത്തുന്ന കമ്പനികൾക്കും വാടകയിളവ് ലഭിക്കും. ഏപ്രിൽ-ജൂൺ കാലയളവിലെ വൈദ്യുതി നിരക്കിലും ഇളവുണ്ടാകും.