പാലോട്: ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്നവർക്കായി സിനിമ - സീരിയൽ താരങ്ങൾ, ടി.വി അവതാരകർ എന്നിവർ ചേർന്ന് ആരംഭിച്ച വാട്ട്സ് ആപ്പ് കൂട്ടായ്മയിൽ പങ്കുചേരുന്നവർക്ക് ഫ്രീയായി അവതരണകല പഠിക്കാം. ടെലിവിഷൻ രംഗത്തെ സംഘടന ടി.വി പ്രോഗ്രാംസ് പ്രെമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് താരങ്ങളെ അണിനിരത്തി വാട്ട്സ്ആപ്പ് കൂട്ടായ്മ തുടങ്ങിയത്. എല്ലാ ദിവസവും രാത്രി 8 മുതൽ 10 വരെ താരങ്ങളെല്ലാം ഗ്രൂപ്പിലെത്തും. ഒരു ദിവസം ഒരു സിനിമാ താരം അതിഥിയായെത്തും.
ടി.വി രംഗത്തെ സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ പ്രദീപ് മരുതത്തൂർ തുടങ്ങിയതാണ് താരങ്ങളുടെ "വീട്ടിലിരുന്ന് ആങ്കറിംഗ് " എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ്.
സംഗീതാമോഹൻ, സന്തോഷ് രാജശേഖരൻ, ജോയ് ജോൺ ആന്റണി, ഹരി പത്തനാപുരം, സാജൻ. എൽ.എസ്, സൗമ്യ ആനന്ദ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് അഡ്മിൻ.
ഇതിന്റെ തുടർച്ചയായി 2 ഗ്രൂപ്പുകൾ ആങ്കറിംഗ് പഠനത്തിന് വേണ്ടിയും പ്രവർത്തിക്കുന്നുണ്ട്. ഈ ഗ്രൂപ്പുകളിൽ എല്ലാ ദിവസവും രാത്രി 7.50 മുതൽ 10 വരെ ക്ലാസുകൾ നടക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ടി.വി പ്രോഗ്രാം പ്രെമോഷൻ കൗൺസിലിന്റെ സർട്ടിഫിക്കറ്റും നൽകും. ഈ വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെ വീട്ടിലിരുന്ന് ആങ്കറിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിളിക്കാം. 989545151515