തിരുവനന്തപുരം ; സ്പ്രിൻക്ലർ ഡേറ്റാ ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ ഹൈക്കോടതി ഉത്തരവ് ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതാണെന്ന പ്രതിപക്ഷനേതാവിന്റെ അവകാശവാദത്തെപ്പറ്റി ചോദിച്ചപ്പോൾ, അത് അസാമാന്യമായ 'കട്ടി' (തൊലിക്കട്ടി) കാരണം പറയുന്നതാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സാധാരണനിലയ്ക്ക് അങ്ങനെയൊരു അവകാശവാദം ഉന്നയിക്കാനേ പറ്റില്ല. അതിന് സാധാരണ 'കട്ടി'യൊന്നും പോരാ. സർക്കാരിന്റെ നിലപാടുകളെല്ലാം ഹൈക്കോടതി അംഗീകരിക്കുന്ന നിലയാണുണ്ടായിട്ടുള്ളത്. കൂടുതലൊന്നും അതിൽ പറയാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക്ക് ഡൗൺ ഇളവ്:
കേന്ദ്രതീരുമാനമറിഞ്ഞ ശേഷം
മേയ് 15വരെ ഭാഗിക ലോക്ക് ഡൗൺ തുടരണമെന്നാണ് നമ്മൾ ആവശ്യപ്പെട്ടതെങ്കിലും ഇക്കാര്യത്തിൽ കേന്ദ്ര തീരുമാനം വരാനിരിക്കുന്നേയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ നമ്മൾ എന്തു തീരുമാനിക്കുമെന്നത് മേയ് മൂന്നിന് വ്യക്തമാക്കും.
സാമൂഹവ്യാപനമില്ല
സാമൂഹവ്യാപന ഘട്ടത്തിൽ ഇതുവരെ കൊവിഡ് എത്തിയിട്ടില്ലെന്നും ആ സാദ്ധ്യത പൂർണമായി ഇല്ലാതാക്കാനാണ് ശ്രദ്ധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ല ജാഗ്രതയും കരുതലും നാം സ്വീകരിക്കണം. രോഗ ബാധിതരായവർ മറ്റുള്ളവരുമായി ബന്ധപ്പെടലുകളില്ലാതിരിക്കാൻ നല്ല കരുതൽ സ്വീകരിക്കണം. ഇല്ലെങ്കിൽ വേറൊരവസ്ഥയിലേക്ക് നമ്മൾ പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.