തിരുവനന്തപുരം: ലോക്ക് ഡൗൺ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് സിറ്റി പൊലീസ്. ഒറ്റ അക്ക നമ്പർ വാഹനങ്ങൾ മാത്രം പുറത്തിറക്കാൻ അനുമതിയുണ്ടായിരുന്ന ഇന്നലെ ഇത് ലംഘിച്ച് നിരത്തിലിറക്കിയ 93 ഇരട്ട അക്ക വാഹനങ്ങൾ പിടിച്ചെടുത്തു. വാഹന ഉടമകൾക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 61 പേർക്കെതിരെയും അനാവശ്യയാത്ര ചെയ്ത 33 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ആകെ 165 പേർക്കെതിരെയാണ് ഇന്നലെ കേസെടുത്തത്.122 വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗൺ ഇളവുപ്രകാരം നഗരത്തിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റയക്കത്തിൽ അവസാനിക്കുന്നതും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ടയക്കത്തിൽ അവസാനിക്കുന്നതുമായ നമ്പരുള്ള വാഹനങ്ങളേ നിരത്തിലിറക്കാവൂ. ഇന്ന് ഇരട്ട അക്കത്തിൽ അവസാനിക്കുന്ന നമ്പറിലുള്ള വാഹനങ്ങളെ നിരത്തിലിറങ്ങാൻ അനുവദിക്കൂ. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ജാഗ്രതാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് കമ്മിഷണർ അറിയിച്ചു.