rain

തിരുവനന്തപുരം: വേനൽമഴ ശക്തിപ്രാപിക്കുന്നതിനിടെ, ബംഗാൾ ഉൾക്കടലിൽ ആൻഡമാനടുത്തായി രൂപം കൊള്ളുന്ന ന്യൂനമർദ്ദം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയെത്തിക്കുമെന്ന് സൂചന. മേയ് ഒന്നുമുതൽ മൂന്ന് വരെ ശക്തമായ മഴയുണ്ടാകും. ന്യൂനമർദ്ദം 30 ഒാടെ ചുഴലിയായി രൂപം മാറി മ്യാൻമറിലേക്ക് പോകാനാണ് സാദ്ധ്യത. എന്നിരുന്നാലും കേരളത്തിന്റെ തെക്കൻ തീരങ്ങൾ, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ ശക്തമായ കാറ്റും മഴയുമുണ്ടാകും. കേരളതീരത്ത് മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിച്ചേക്കും. പനിബാധയും ഇടിമിന്നൽ മൂലമുള്ള അപകടങ്ങളും ഒഴിവാക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി.