തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി സർക്കാർ ജീവനക്കാരുടെ അഞ്ചു മാസത്തെ ശമ്പളം അഞ്ചിലൊന്ന് വീതം വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ച് പുറത്തിറങ്ങിയ ധന വകുപ്പിന്റെ സർക്കുലറിൽ അവ്യക്തത. സ്പാർക്കിൽ ബില്ലുകൾ തയ്യാറാക്കുമ്പോൾ ശമ്പളം നെഗറ്രീവ് ആവാതെ നോക്കണമെന്നു പറയുന്നുണ്ടെങ്കിലും അതിനായി ഏതൊക്കെ കാര്യങ്ങൾ പരിഗണിക്കണമെന്ന് സർക്കുലറിൽ വ്യക്തമായ നിർദ്ദേശമില്ല.
ഓരോ മാസവും ആറു ദിവസത്തെ മൊത്ത ശമ്പളമാണ് (ഗ്രോസ്) പിടിക്കുന്നത്. എന്നാൽ, ആകെ പിടിക്കുന്നത് ഒരാൾക്ക് കൈയിൽ കിട്ടുന്ന (നെറ്റ്) ശമ്പളത്തെക്കാൾ അധികമാകരുത്. ഇതാണ് ശമ്പളം നെഗറ്രീവ് ആകരുതെന്ന് സർക്കുലറിൽ പറയുന്നത്.
എന്നാൽ, സാധാരണ ഗതിയിൽ ഒഴിച്ചുകൂടാനാവാത്ത നിരവധി പിടിത്തങ്ങൾ ശമ്പളത്തിലുണ്ട്, ഗ്രൂപ്പ് ഇൻഷ്വറൻസ്, സ്റ്രേറ്ര് ലൈഫ് ഇൻഷ്വറൻസ്, ജി.പി.എഫ്, എഫ്.ബി.എസ് എന്നിങ്ങനെ. വായ്പ തിരിച്ചടവാണ് മറ്രൊന്ന്. ജി.പി.എഫിൽ നിന്ന് എടുത്ത വായ്പ തിരിച്ചുപിടിക്കലുമുണ്ട്. ഇതെല്ലാം പിടിച്ചുകഴിഞ്ഞാലും ഒരാൾക്ക് ജീവിക്കാനുള്ള തുക എന്ന നിലയിൽ മൂന്നിലൊന്ന് ശമ്പളമെങ്കിലും കിട്ടണമെന്നാണ് ചട്ടം. പി.എഫിൽ ഏറ്രവും ചുരുങ്ങിയത് ആറു ശതമാനം അടച്ചാൽ മതിയെന്നുണ്ട്. ഇതൊക്കെ ജീവനക്കാരന്റെ അനുവാദ പ്രകാരമേ നടക്കൂ. ബാങ്ക് വായ്പകളുടെ തിരിച്ചടവ് ശമ്പളത്തിൽ നിന്ന് എഴുതിക്കൊടുത്തവരാണ് ജീവനക്കാരിൽ അധികവും. അഞ്ചിലൊന്ന് ശമ്പളം പിടിക്കുമ്പോൾ മൂന്നിലൊന്ന് എങ്കിലും ജീവനക്കാരന് കിട്ടണം. ഈ വിധത്തിൽ ഏതൊക്കെ പിടിത്തങ്ങളാണ് നിലനിറുത്തേണ്ടത്, ഏതൊക്കെയാണ് ജീവനക്കാരന്റെ അനുവാദത്തോടെ മാറ്റിവയ്ക്കേണ്ടത് എന്നൊന്നും സർക്കുലറിൽ പറയുന്നില്ല.