തിരുവനന്തപുരം: സപ്ലൈകോ ജീവനക്കാരനെ കുടുക്കാനായി ഭക്ഷ്യമന്ത്രി പി.തിലോത്തമന്റെ ഓഫീസിലെ ഉദ്യോഗസ്ഥൻ മാദ്ധ്യമ പ്രവർത്തകൻ ചമഞ്ഞ് ഫോൺ വിളിച്ചത് വിവാദത്തിൽ. മദ്ധ്യമ പ്രവർത്തകനോടെന്ന പോലെ സംസാരിച്ച സി.ഐ.ടി.യു താലൂക്ക് സെക്രട്ടറി എ.അനിൽ ഇപ്പോൾ സസ്‌പെൻഷനിലാണ്.
നെയ്യാറ്റിൻകര ഡിപ്പോയിൽ ജോലി ചെയ്യുന്ന എ.അനിലിനെ 'മാധ്യമം' പത്രത്തിന്റെ ലേഖകൻ എന്ന വ്യാജേനയാണ് മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി എ.എം.ഷാജി ഫോണിൽ വിളിച്ചത്. വകുപ്പിലെ അഴിമതി സംബന്ധിച്ച വാർത്തകൾ ചോർത്തിക്കൊടുക്കുന്നത് അനിൽ ആണെന്ന നിഗമനത്തിലാണ് കെണിയൊരുക്കിയത്.
പത്രത്തിന്റെ ലേഖകനായി പരിചയപ്പെടുത്തിയ ഷാജി, കിറ്റ് വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ചോദിച്ചു. കിറ്റ് തയ്യാറാക്കുന്നവർക്ക് പ്രത്യേക അലവൻസ് നൽകുന്നുണ്ടോയെന്ന് ആദ്യം ചോദിച്ചു. ഓരോ ഡിപ്പോ മാനേജർക്കും 25 ലക്ഷം രൂപ വീതം നൽകിയിട്ടുണ്ടെന്നും അതിൽനിന്നാണ് ചെലവാക്കുന്നതെന്നുമായിരുന്നു മറുപടി. എവിടെയെങ്കിലും അത് നൽകുന്നില്ലെങ്കിൽ അത് അവിടത്തെ ഉദ്യോഗസ്ഥരുടെ കുഴപ്പമായിരിക്കുമെന്നും അനിൽ പറഞ്ഞു. ഇതിനുശേഷമാണ് തിരുവനന്തപുരം റീജിയണൽ മാനേജരുടെ ദീർഘകാല അവധിക്ക് കാരണമായ വിഷയം ചോദിച്ചത്. അതിൽ മന്ത്രി തിലോത്തമന്റെ ഓഫീസിന്റെ ഇടപെടലുണ്ടോ എന്നായിരുന്നു ഷാജിയുടെ സംശയം. അത് അറിയില്ലെന്നും മന്ത്രിയുടെ ഓഫീസിൽ പോകാറില്ലെന്നുമായിരുന്നു അനിലിന്റെ മറുപടി. അനിലിന്റെ മറുപടികൾ സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് കാണിച്ചാണ് സസ്‌പെൻഷൻ.
പത്രത്തിന്റെ പേരിൽ ഫോൺ കെണി ഒരുക്കിയതിനെതിരെ നിയമനടപടിക്ക് മാധ്യമം മാനേജ്‌മെന്റ് നീക്കം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി തിലോത്തമൻ പറഞ്ഞു. എന്നാൽ, ഇക്കാര്യം തനിക്ക് അറിയില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
സി.ഐ.ടി.യു -എ.ഐ.ടി.യു.സി തർക്കം
സപ്ലൈകോയിൽ കുറച്ചുനാളായി സി.ഐ.ടി.യു -എ.ഐ.ടി.യു.സി തർക്കം രൂക്ഷമാണ്. അതിനിടെയാണ് സി.ഐ.ടി.യു അനുകൂലിയായ റീജിയണൽ മാനേജർ ദീർഘകാല അവധിയിൽ പോയത്. ഇതിനു പിന്നിൽ എ.ഐ.ടി.യു.സി നേതാക്കളുടെ ഇടപെടലാണെന്ന് ആരോപണം ഉയർന്നിരുന്നു. സംഭവം മാദ്ധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തത് അനിലാണെന്ന് മന്ത്രിയുടെ ഓഫീസ് സംശയിച്ചു. അപ്പോൾ മുതൽ അനിലിനെ കുടുക്കാൻ നീക്കം ആരംഭിച്ചിരുന്നു. അനിലിന്റെ സസ്‌പെൻഷനെതിരെ സി.ഐ.ടി.യു രംഗത്തെത്തിയിട്ടുണ്ട്.
നടപടി പരാതിയെത്തുടർന്ന്
പലവ്യഞ്ജന കിറ്റ് വിതരണത്തെക്കുറിച്ച് സപ്ളൈകോ ഉദ്യോഗസ്ഥൻ തന്നെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതായി മന്ത്രിയുടെ ഓഫീസിൽ പരാതി കിട്ടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനിലിനെ സസ്പെൻഡ് ചെയ്തതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.