തിരുവനന്തപുരം: ജില്ലയിലെ തരിശു ഭൂമിയിൽ കൃഷിയിറക്കുന്നതിനുള്ള സമഗ്ര പദ്ധതിയുമായി ജില്ലാപഞ്ചായത്ത് .
തരിശായിക്കിടക്കുന്ന 5000 ഏക്കറിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തമാകുന്നതിനും ഇന്നലെ ചേർന്ന ജില്ലാപഞ്ചായത്ത് സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചു. ആദ്യഘട്ടത്തിൽ 18 പഞ്ചായത്തുകളിലെ 20 പ്ലോട്ടുകളിലായി 200ഏക്കർ തരിശു ഭൂമിയിലാണ് കൃഷി ആരംഭിക്കുക. പഞ്ചായത്തുകളിലെ വോളന്റിയർമാർ, ഹരിതകർമ്മസേനാംഗങ്ങൾ, കുടുംബശ്രീ ഗ്രൂപ്പുകൾ എന്നിവർ സംഘടിതാടിസ്ഥാനത്തിൽ കൃഷി നടത്തും. ഇതിനാവശ്യമായ കർഷക ഗ്രൂപ്പുകളെയും വോളന്റിയർമാരെയും സജ്ജമാക്കാൻ പഞ്ചായത്തു പ്രസിഡന്റും മെമ്പർമാരും കൃഷി ഒാഫീസർമാരും ഇന്നു യോഗം ചേർന്ന് തീരുമാനമെടുക്കും. നെല്ല്, വാഴ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിവയാണ് കൃഷി ചെയ്യുന്നത്. കൃഷിക്കാവശ്യമായ വിത്തുകളും തൈകളും സംഭരിക്കാൻ അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. ഉത്പന്നങ്ങൾ ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള അഗ്രോസർവീസ് സൊസൈറ്റി സംഭരിച്ച് വിപണന കേന്ദ്രങ്ങൾ മുഖേന വില്പന നടത്തുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു.