തിരുവനന്തപുരം: പിങ്ക് റേഷൻകാർഡ് ഉടമകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം നീട്ടിയതോടെ റേഷൻ കടകളിൽ ഇവ കൂടിക്കിടന്നു നശിക്കുന്നു. 17 സാധനങ്ങളുള്ള കിറ്റ് റേഷൻ കടകളിൽ എത്തിയിട്ട് ഒരാഴ്ചയിലേറെയായി. കേന്ദ്രത്തിന്റെ സൗജന്യ റേഷൻ വിതരണം നടക്കുന്നതിന്റെ പേരിലാണ്, പിങ്ക് കാർഡ് ഉടമകൾക്കു 22 മുതൽ നിശ്ചയിച്ചിരുന്ന കിറ്റ് വിതരണം നീട്ടിയത്. ഇന്നലെ വിതരണം ആരംഭിച്ചപ്പോൾ 0 അക്കത്തിൽ അവസാനിക്കുന്ന കാർഡുകൾക്കാണു കിറ്റ് നൽകിയത്. ഈ ക്രമത്തിൽ വിതരണം മേയ് 6 വരെ നീളും. ഇതിനിടെ കൂടുതൽ കിറ്റുകൾ നശിക്കുമെന്ന ഭയത്തിലാണു റേഷൻ വ്യാപാരികൾ. അതേസമയം, ഹോട്സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ നമ്പർ ക്രമത്തിൽ അല്ലാതെ കിറ്റ് വിതരണം നടത്താൻ നിർദേശം നൽകിയതായി സിവിൽ സപ്ലൈസ് അധികൃതർ പറഞ്ഞു. ആറ് ദിവസം കൊണ്ട് 80 ലക്ഷം കുടുംബങ്ങൾക്ക് മൂന്നു തരത്തിലുള്ള അരിയും ഗോതമ്പും കൊടുത്ത റേഷൻ വ്യാപാരികൾക്ക്, സൗജന്യ കിറ്റ് കൊടുക്കാൻ ഒരു മണിക്കൂർ പോലും വേണ്ടെന്ന് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അറിയിച്ചു.