കഴക്കൂട്ടം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെ രണ്ടാംഘട്ട നിർമ്മാണം മന്ദഗതിയിലായി. കൊവിഡ് 19നെ തുടർന്ന് ജോലികൾ പൂർണമായി നിറുത്തിവച്ചിരിക്കുകയായിരുന്നു. ലോക്ക് ഡൗൺ ഇളവ് വന്നതിനുശേഷം വളരെ കുറച്ച് തൊഴിലാളികൾ മാത്രമാണ് ജോലിക്ക് എത്തുന്നത്. യന്ത്ര സാമഗ്രികൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ പൂർണമായി നിറുത്തി. എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിലുള്ള അന്യസംസ്ഥാന തൊഴിലാളികൾ അതത് ക്യാമ്പുകളിലാണ്. കഴക്കൂട്ടം ജംഗ്ഷൻ മുതൽ എ.ജെ ആശുപത്രി വരെയുള്ള ഭാഗത്ത് തൂണുകൾ കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി കമ്പികൾ ഉറപ്പിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇതോടൊപ്പം തന്നെ സർവീസ് റോഡുകൾ നിർമ്മിക്കാൻ റോഡിന്റെ ഒരുവശം വൃത്തിയാക്കുന്ന ജോലികളും നടക്കുന്നുണ്ട്. എ.ജെ ആശുപത്രി മുതൽ സി.എസ്.ഐ ആശുപത്രി വരെയുള്ള 1.8 കിലോമീറ്ററിലെ പണിയാണ് മൂന്നാംഘട്ടമായി ഇനി ആരംഭിക്കേണ്ടത്. നിലവിൽ കഴക്കൂട്ടം ജംഗ്ഷന് മുമ്പായി സർവീസ് റോഡ് തയ്യാറാക്കിയാണ് തിരുവനന്തപുരത്തേക്കുള്ള വാഹനങ്ങൾ കടത്തിവിടുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള വാഹനങ്ങൾ എ.ജെ. ഹോസ്‌പിറ്റലിന് സമീപത്തുള്ള റോഡിലൂടെയും കടത്തിവിടുന്നു. 2022 മാർച്ചിൽ ജോലി പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും നിർമ്മാണം തടസപ്പെട്ടതിനാൽ വൈകുമെന്നാണ് സൂചന.
ഐ.ടി നഗരത്തിന്റെ മുഖച്ഛായ മാറും
---------------------------------------------------------------------------------------
നാല് വർഷം മുമ്പ് നാട്പാക്കിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ടെക്‌നോപാർക്ക് മുതൽ കഴക്കൂട്ടം വരെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്ന ആശയം ഉയർന്നത്. കഴക്കൂട്ടം മുക്കോല പാത ഇരട്ടിപ്പിക്കലിന്റെ നിർമ്മാണ ഉദ്ഘാടന സമയത്ത് കേന്ദ്രമന്ത്റി നിതിൻ ഗഡ്കരിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ബൈപാസ് ജംഗ്ഷൻ മുതൽ എ.ജെ ആശുപത്രിവരെ 320 മീറ്ററിൽ 10 കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്ന ജോലിയാണ് രണ്ടാംഘട്ടത്തിൽ നടക്കുന്നത്.
ടെക്നോപാർക്ക് ഫേസ് ത്രീ മുതൽ ദേശീയപാതയിൽ
സി.എസ്.ഐ ആശുപത്രി വരെ
ദൂരം 2.72 കിലോമീറ്റർ റോഡിന്റെ വീതി - 45
നിർമ്മാണം പൂർത്തിയാക്കാൻ ഉദ്ദേശിച്ചത് - 2022 മാർച്ചിൽ
റോഡ് നിർമ്മാണം ഇതുവരെ
----------------------------------------------
135 പേർക്ക് ഇതിനകം നഷ്ടപരിഹാര തുക നൽകി
ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചു
വൈദ്യുതി പോസ്റ്റുകളും പൈപ്പുകളും മാറ്റുന്നു
നിർമ്മാണം കഴക്കൂട്ടം ജംഗ്ഷനിലേക്ക് കടന്നു
ജംഗ്ഷനിൽ സർവീസ് റോഡ് സജ്ജമാക്കി