തിരുവനന്തപുരം : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ഇനി സർക്കാർ നേരിട്ട് നടത്തും. ഇൻഷുറൻസ് ഏജൻസികളെ ഒഴിവാക്കിക്കൊണ്ട് 'അഷുറൻസ്' മാതൃകയിൽ പദ്ധതി നടത്തുന്നതിനുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇൻഷുറൻസ് ഏജൻസി ക്ലെയിം പരിശോധിച്ച് ചികിത്സാ ചെലവ്
ആശുപത്രികൾക്ക് നൽകുന്നതിന് പകരം പുതിയ സംവിധാനത്തിലൂടെ ചികിത്സാതുക സർക്കാർ നേരിട്ട് ആശുപത്രികൾക്ക് നൽകും. ഇതിനായി സംസ്ഥാന ആരോഗ്യ ഏജൻസി (എസ്.എച്ച്.എ) രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചു.
എല്ലാ സാമൂഹ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളും സംയോജിപ്പിച്ച് കഴിഞ്ഞ വർഷമാണ് സംസ്ഥാന സർക്കാർ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചത്. ഒരു കുടുംബത്തിന് വർഷം അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതാണ് പദ്ധതി. റിലയൻസ് ജനറൽ ഇൻഷുറൻസായിരുന്നു ആദ്യ സേവന ദാതാക്കൾ. വിവിധ ചികിത്സകൾക്കുള്ള ഇൻഷുറൻസ് തുക പര്യാപ്തമല്ല എന്നതടക്കം പല പരാതികളുമുയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ പദ്ധതി നേരിട്ട് നടത്താൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ശുപാർശകളടങ്ങിയ കാസ്പ് സ്‌പെഷ്യൽ ഓഫീസറുടെ റിപ്പോർട്ടാണ് സർക്കാർ ഇപ്പോൾ അംഗീകരിച്ചത്. കേന്ദ്രപദ്ധതിയായ ആയുഷ്മാൻ ഭാരതുമായി സംയോജിപ്പിച്ച് തന്നെയാണ് പദ്ധതി നടപ്പാക്കുന്നത്. മാനദണ്ഡങ്ങളിൽ മാറ്റമില്ല.