കോട്ടയം: സംസ്ഥാനത്തെ റെഡ് സോൺ ജില്ലയായി പ്രഖ്യാപിച്ച കോട്ടയത്ത് ഇന്ന് രാവിലെ മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിലെ 7 പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയിലെ 7 വാർഡുകളും തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. കൊവിഡ് ബാധിതരായ ആരുമില്ലാതെ ഗ്രീൻസോണിലായിരുന്ന കോട്ടയത്ത് 6 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം 17 ആയത്. ഇതോടെ കോട്ടയം ജില്ല റെഡ് സോൺ ആയി മാറുകയായിരുന്നു.
മൂന്ന് ദിവസത്തേക്ക് അവശ്യ സർവീസുകൾക്ക് മാത്രമാണ് ജില്ലയിൽ പ്രവർത്തനാനുമതി. പൊലീസ് പരിശോധനയും കർശനമാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് കൂടുതൽ മെഡിക്കൽ ടീമിനെ ജില്ലയിലേക്ക് അയക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. കോട്ടയം മാർക്കറ്റിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളിക്ക് ഉൾപ്പെടെ എവിടെ നിന്നാണ് രോഗം പിടിപ്പെട്ടതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ദിവസവും രോഗികളുടെ എണ്ണം വർദ്ധിക്കുന്നതും ആശങ്കയുണ്ടാക്കുന്നതാണ്. ഇതോടെയാണ് കോട്ടയത്തിനായി കൊവിഡ് പ്രതിരോധത്തിന് പ്രത്യേക മെഡിക്കൽ ടീം വേണമെന്ന ആവശ്യം ഉയരുന്നത്.
അയ്മനം,വെള്ളൂർ,തലയോലപ്പറമ്പ്,പനച്ചിക്കാട്, വിജയപുരം,മണർകാട്,അയർക്കുന്നം പഞ്ചായത്തുകളും കോട്ടയം നഗരസഭയിലെ 7 വാർഡുകളും തീവ്രബാധിത മേഖലയായി. ഇതിനു പുറമെ തലയോലപ്പറമ്പ് പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന മറവൻതുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലെ വാർഡുകൾ കൂടി തീവ്ര ബാധിത മേഖലയിൽ ഉൾപ്പെടുത്തി.ചങ്ങനാശേരി നഗരസഭയുടെ മുപ്പത്തിമൂന്നാം വാർഡും തീവ്രബാധിത മേഖലയിലാണ്.