ഇടുക്കി: റെഡ് സോണിലായതോടെ ഇടുക്കി ജില്ലയിൽ ഇന്ന് മുതൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച നാല് പേരിൽ മൂന്നാറിലെ അറുപതുകാരൻ ഒഴികെയുള്ളവർ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഡ്രൈവർമാരെ നിർബന്ധിത നിരീക്ഷണത്തിലാക്കിയ കേന്ദ്രത്തിലെ ശുചീകരണത്തൊഴിലാളിയാണ് ഇയാൾ. ഇവിടെയുള്ള മുഴുവൻ പേരുടെയും കൊവിഡ് പരിശോധന ഇതുവരെ പൂർത്തിയായിട്ടില്ല. ഇവരിൽ ആരിൽ നിന്നെങ്കിലുമാണ് രോഗം പകർന്നതെങ്കിൽ സ്ഥിതി സങ്കീർണമാകും. മുപ്പതിലധികം വരുന്ന ഡ്രൈവർമാരെ ഉടനെ പരിശോധനയ്ക്ക് വിധേയരാക്കാനാണ് ആരോഗ്യ വകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്.
അടിയന്തര കാര്യങ്ങൾക്ക് മാത്രമാണ് ഇനി ജില്ലയിലെ ജനങ്ങൾക്ക് പുറത്തിറങ്ങാനാവുക. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് 11 മുതൽ 5 വരെ തുറക്കാം. ചികിത്സക്ക് ഒഴികെ ജില്ലയ്ക്ക് പുറത്തേക്കുള്ള യാത്രകൾക്ക് വിലക്കുണ്ട്. പുതിയ പതിനാല് കേസുകളിൽ ഭൂരിഭാഗവും ഇതര സംസ്ഥാനത്ത് നിന്ന് വന്നവരായതിനാൽ അതിർത്തികളിലെ പരിശോധനയും വർദ്ധിപ്പിച്ചിട്ടുണ്ട്.