എറണാകുളം: കമ്മ്യൂണിറ്റി കിച്ചണുകളുടെ നടത്തിപ്പിന് ഒരു പൈസ പോലും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന ആരോപണവുമായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍ രംഗത്ത്. കുടുംബശ്രീ മിഷനില്‍ നിന്ന് വാഗ്ദാനം ചെയ്ത അമ്പതിനായിരം രൂപ പോലും നല്‍കിയിട്ടില്ല. കോര്‍പറേഷൻ തനതു ഫണ്ടില്‍ നിന്നാണ് ഇപ്പോല്‍ അടുക്കളകള്‍ക്ക് പണം കണ്ടെത്തുന്നതും ഈ സ്ഥിതി തുടര്‍ന്നാല്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് അടുത്ത മാസത്തെ ശമ്പളം പോലും നല്‍കാന്‍ കഴിയില്ലെന്നും സൗമിനി ജെയിന്‍ പറഞ്ഞു.
കൊച്ചി കോർപറേഷൻ പരിധിയിൽ ദിവസവും പതിനായിരം പേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ധനസഹായം ആവശ്യപ്പെട്ട് പല തവണ സര്‍ക്കാരിനെ സമീപിച്ചു. എന്നിട്ടും ഫലമുണ്ടായില്ലെന്നാണ് സൗമിനി ജെയിൻ പറയുന്നത്. ആകെ ലഭിച്ചത് 600 കിലോ അരി മാത്രമാണ്.മാര്‍ച്ച് 26നാണ് കൊച്ചി കോര്‍പറേഷനില്‍ കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങിയത്. ആദ്യം അഞ്ചെണ്ണം തുടങ്ങി. ഇത് പോരെന്ന് ജില്ലാ ഭരണകൂടം വിമര്‍ശനം ഉന്നയിച്ചതോടെ കുടുംബശ്രീയുമായി ചേര്‍ന്ന് 12 എണ്ണം കൂടി ആരംഭിക്കുകയായിരുന്നു. കുടുംബശ്രീ മിഷന്‍ വഴി 50,000 രൂപയും സര്‍ക്കാർ സഹായവും വാഗ്ദാനം ചെയ്തു. എന്നാല്‍ ആകെ കിട്ടിയത് 600 കിലോ അരി മാത്രമെന്നാണ് മേയറുടെ ആരോപണം.