mask

തിരുവനന്തപുരം: സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്‌ക്കുകളും വ്യക്തിഗത സുരക്ഷ ഉപകരണങ്ങളുമെത്തിക്കാന്‍ ആരോഗ്യ സെക്രട്ടറിയുടെ അടിയന്തര നിര്‍ദേശം. ഡോക്ടര്‍ക്കും ആശ പ്രവര്‍ത്തകയ്ക്കുമടക്കം രോഗം സ്ഥിരീകരിച്ചതോടെയാണ് സര്‍ക്കാർ ഇടപെടല്‍. സുരക്ഷ ഉപകരണങ്ങളുടെ ഗുണനിലവാരമില്ലായ്‌മയും ആരോഗ്യ വകുപ്പിന് ആശങ്ക കൂട്ടുന്നുണ്ട്.

വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്നും ഉള്ളവയ്ക്ക് ഗുണമില്ലെന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർ അടക്കമുള്ളവർ ആരോപണമുന്നയിച്ചിരുന്നു. അതേസമയം എല്ലാ ആശുപത്രികളിലും എന്‍ 95 മാസ്‌ക്കുകളും സാനിറ്റൈസറുകളും ഉറപ്പാക്കിയിട്ടുണ്ടെന്നാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ വിശദീകരണം. രോഗബാധിതരുള്ള ഇടങ്ങളിലെ എല്ലാ ആശുപത്രികളിലും പി.പി.ഇ കിറ്റുകളുണ്ട്. ആശുപത്രികളില്‍ മാത്രം 1.25 പി.പി.ഇ കിറ്റുകളും 1.74 ലക്ഷം എന്‍ 95 മാസ്‌ക്കുകളും സ്റ്റോക്കുണ്ട്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നാല് ലക്ഷം എന്‍ 95മാസ്‌ക്കുകളും 1.75 ലക്ഷം പിപിഇ കിറ്റുകളും കരുതല്‍ ശേഖരമായുണ്ടെന്നും എട്ട് ലക്ഷം അധികമായി സംഭരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വിദേശത്ത് നിന്നുള്‍പ്പടെ എത്തുന്നവരെ കണ്ട് വിവര ശേഖരണം നടത്തേണ്ടവരാണ് ആശ പ്രവര്‍ത്തകര്‍, എന്നാലിവര്‍ക്ക് സുരക്ഷിതമായ എന്‍ 95 മാസ്‌കോ ത്രീലെയര്‍ മാസ്‌കോ ഗ്ലൗസോ കൊടുത്തിട്ടില്ല. കൊടുത്തിരുന്നവ ഒന്നും സുരക്ഷിതമല്ലായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇവരിലൊരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ഏലപ്പാറയില്‍ കൊവിഡ് രോഗിയെ പരിചരിച്ച ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതും വ്യക്തിഗത സുരക്ഷ ഉപകരണങ്ങളുടെ അഭാവമാണെന്നാണ് പരാതി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടാല്‍ ഒരുപാട് പേരിലേക്ക് രോഗം പടരാനുള്ള സാധ്യതയുമുണ്ട്.