potato

ബ്രസൽസ് : ബെൽജിയംകാർക്ക് ഏറെ പ്രിയപ്പെട്ടതാണ് ഉരുളക്കിഴങ്ങ് വിഭവങ്ങളായ പൊട്ടറ്റോ ചിപ്സ്, ഫ്രഞ്ച് ഫ്രൈസ് എന്നിവ. ഈ ലോക്ക്ഡൗൺ കാലത്ത് രാജ്യത്തെ എല്ലാവരും പൊട്ടറ്റോ ചിപ്പ്സും ഫ്രൈസുമൊക്കെ കഴിക്കുന്നത് ഇരട്ടിയാക്കണമെന്ന അഭ്യർത്ഥനയുമായെത്തിയിരിക്കുകയാണ് ബെൽജിയത്തിലെ ഉരുളക്കിഴങ്ങ് കർഷകർ. കൊവിഡിനെ തുടർന്ന് ഉരുളക്കിഴങ്ങ്കയറ്റുമതി പ്രതിസന്ധിയിലായതോടെയാണ് ബെൽജിയത്തിലെ കർഷക കൂട്ടായ്മകൾ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പൊട്ടറ്റോ ചിപ്സിന്റെയും പൊട്ടറ്റോ ഫ്രൈസിന്റെയും വിപണിയെ പ്രോത്സാഹിപ്പിക്കുമെന്നും ഇവർ പറയുന്നു.

ഏകദേശം 750,000 ടൺ ഉരുളക്കിഴങ്ങുകളാണ് ലോക്ക്ഡൗണിനെ തുടർന്ന് രാജ്യത്തെ വിവിധ ഗോഡൗണുകളിലായി കെട്ടിക്കിടക്കുന്നത്. ആഴ്ചയിൽ ഒന്നിനുപകരം രണ്ട് തവണ പൊട്ടറ്റോ ചിപ്സ് കഴിക്കുകയാണെങ്കിൽ തങ്ങൾക്ക് പ്രതിസന്ധി മറികടക്കാമെന്ന് കർഷകർ പറയുന്നു. മാർച്ച് പകുതി മുതൽ ബെൽജിയത്തിലെ റെസ്‌റ്റോറന്റുകളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഉരുളക്കിഴങ്ങുകൾ വൻ തോതിൽ വിറ്റഴിഞ്ഞിരുന്ന മാർക്കറ്റുകളും അടഞ്ഞു കിടക്കുകയായിരുന്നു. രാജ്യത്ത് നടക്കേണ്ടിയിരുന്ന വിവിധ സമ്മർഫെസ്റ്റുകൾ ഉപേക്ഷിച്ചതും ഉരുളക്കിഴങ്ങ് കർഷകർക്ക് തിരിച്ചടിയായി. കൊവിഡ് കാരണം കയറ്റുമതിയും നടക്കുന്നില്ല. ലോകത്ത് ചിപ്സ് ഉൾപ്പെടെയുള്ള ഉരുളക്കിഴങ്ങ് ഉത്പന്നങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ബെൽജിയം. നൂറിലേറെ രാജ്യങ്ങളിലായി 1.5 ദശലക്ഷം ടൺ ഉരുളക്കിഴങ്ങ് ഉത്പന്നങ്ങളാണ് ബെൽജിയം കയറ്റുമതി ചെയ്യുന്നത്.

കയറ്റുമതിയ്ക്കായി സൂക്ഷിച്ച ഉരുളക്കിഴങ്ങുകൾ ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുകയാണ്. കമ്പോളത്തിൽ ലഭിക്കേണ്ടിയിരുന്നതിനേക്കാൾ വളരെ താഴന്ന വിലയ്ക്കാണ് ഇവ വിവിധ ചിപ്സ് കമ്പനികൾക്കുൾപ്പെടെ വിറ്റഴിക്കുന്നത്. ഇനി മിച്ചം വരുന്ന കേടായ ഉരുളക്കിഴങ്ങുകൾ ജൈവ ഇന്ധനമായി ഉപയോഗപ്പെടുത്താമെന്നാണ് കർഷകരുടെ തീരുമാനം.