മലപ്പുറം: കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതി ഇരയെ വീട്ടില്‍ കയറി പലവട്ടം ആക്രമിച്ചതിൽ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം. ചില പൊലീസ് ഉദ്യോഗസ്ഥർ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി പെണ്‍കുട്ടിയും കുടുംബവും പരാതി ഉന്നയിച്ചു.
അയല്‍ക്കാരനായ യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഒരു വര്‍ഷം മുമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് പിന്മാറണമെന്നും, പ്രതിയെ വിവാഹം കഴിക്കാന്‍ തയാറാവണമെന്നും ആവശ്യപ്പെട്ടാണ് വീട്ടിലെത്തിയത്. പെണ്‍കുട്ടി എതിര്‍ത്തതോടെ ആക്രമിച്ചു. മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങിക്കൊണ്ടുപോയി. മറ്റൊരാളെ വിവാഹം കഴിച്ചാല്‍ പെണ്‍കുട്ടിയെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതിയുടെ ഭീഷണി.
പ്രതി വിദേശത്തായിരുന്ന സമയത്ത് മറ്റൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചെങ്കിലും ദിവസങ്ങള്‍ക്കുളളില്‍ നാട്ടിലെത്തി വരനെ ഭീഷണിപ്പെടുത്തി വിവാഹം മുടക്കി. പരാതിയുമായുമായി എത്തിയപ്പോള്‍ പ്രതിയെ തന്നെ വിവാഹം ചെയ്യാന്‍ വനിത പൊലീസ് ഉദ്യോഗസ്ഥ നിര്‍ബന്ധിച്ചതായും ആക്ഷേപമുണ്ട്.