covid-

തിരുവനന്തപുരം: കൊവിഡിന്റെ മൂന്നാംഘട്ട സമൂഹ വ്യാപനം തടയാൻ സംസ്ഥാനത്ത് പ്രതിദിനം മൂവായിരം റാൻഡം പരിശോധനകൾ നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും പരിശോധനയ്ക്കാവശ്യമായത്ര കിറ്റുകളില്ലാത്തത് രോഗനിർണയവും പ്രതിരോധ പ്രവർത്തനങ്ങളും വൈകിപ്പിക്കുമെന്ന് ആശങ്ക. പരിശോധനയ്ക്കായി ചൈനയിൽ നിന്ന് ഇറക്കുമതിചെയ്ത കിറ്റുകളുടെ അമിത വിലയും ഗുണനിലവാരമില്ലായ്മയും വിവാദമായിരിക്കുന്നതിനിടെ ശ്രീചിത്ര,​ രാജീവ് ഗാന്ധി ബയോടെക്നോളജി,​ ഹിന്ദുസ്ഥാൻലാറ്റക്സ് എന്നിവിടങ്ങളിൽ ഉൽപ്പാദിപ്പിച്ച കിറ്റുകൾക്ക് ഐ.സി.എം.ആർ അനുമതി ലഭിക്കാത്തതാണ് പരിശോധനാരംഗം നേരിടുന്ന വെല്ലുവിളി.

കേരളം പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങുമ്പോഴും നൂറു ശതമാനം കൃത്യതയവകാശപ്പെട്ട ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആർ.ടി ലാമ്പ് കിറ്റിനും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാ കിറ്റിനും ഇതുവരെ അനുമതിയായിട്ടില്ല. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ആർ.ടിലാബ് കിറ്റ്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റാപ്പിഡ് ടെസ്റ്റ് കിറ്റ് കുറഞ്ഞചെലവിൽ വേഗത്തിലും കൃത്യതയിലും ഫലം നൽകുന്നവയാണ്. ആഴ്ചകൾക്ക് മുമ്പ് ഐ.സി.എം.ആറിനെ സമീപിച്ചെങ്കിലും വിതരണത്തിനും ഉപയോഗത്തിനും അനുമതി ലഭിക്കാത്തതാണ് തടസം.

ഗ്രീൻ സോണായിരുന്ന പ്രദേശങ്ങളിൽ പോലും രോഗ വ്യാപനമുണ്ടാകുകയും ഉറവിടം കണ്ടെത്താത്ത കേസുകളുടെ വർദ്ധനയും സംസ്ഥാനത്ത് ആശങ്കാജനകമായ സ്ഥിതിവിശേഷത്തിന് കാരണമായിരിക്കെ റാൻഡം പരിശോധനകൂടി തകിടം മറിഞ്ഞാൽ സ്ഥിതിഗതികൾ ഗുരുതരമാകും. വിദേശത്തുനിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്നതിനിടെ സമൂഹവ്യാപനത്തിനുള്ള സാദ്ധ്യതകളെല്ലാം ഒഴിവാക്കി സംസ്ഥാനം സുസജ്ജമാകേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഇതിന്റെ മുന്നൊരുക്കം എന്നനിലയിലാണ് പ്രൈമറി,​ സെക്കന്ററി കോൺടാക്ടുകൾ കണ്ടെത്താൻ റാൻഡം പരിശോധനയ്ക്ക് സർക്കാർ മുൻഗണന നൽകിയത്. ആരോഗ്യ പ്രവർത്തകരും രോഗമുള്ളവരുമായി പ്രാഥിക സമ്പർക്കത്തിൽ വന്നവർക്കും മുൻഗണന നിശ്ചയിച്ച് സാമ്പിൾ ശേഖരിക്കാനായിരുന്നു തീരുമാനം. സമ്പർക്കവും, നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണവും കുറഞ്ഞതിനാൽ സംസ്ഥാനത്ത് നിലവിൽ പരിശോധനകളുടെ തോത് കുറവാണ്. 14 ജില്ലകളിലായി 20 കേന്ദ്രങ്ങളാണ് പരിശോധനയ്ക്ക് നിശ്ചയിച്ചത്.

ഓരോ ജില്ലകൾക്കും ശേഖരിക്കേണ്ട സാമ്പിളുകളുടെ എണ്ണവും നിശ്ചയിച്ചു നൽകി. ഇതിൽ 200 സാമ്പിൾ നിശ്ചയിച്ച തിരുവനന്തപുരത്ത് ഇന്നലെ റാൻഡം പരിശോധന പൂർത്തിയായി. ഓറഞ്ച് സോണിൽ തുടരുന്ന മറ്റ് ജില്ലകളിലും റെഡ് സോണുകളിലും പരിശോധന നടക്കേണ്ടതുണ്ട്. പ്രാഥമിക സമ്പർക്കത്തിൽ വന്നവർ, രോഗികളെ ചികിത്സിക്കുന്നവർ, പ്രാദേശിക ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് മുൻഗണന. സെക്കൻഡറി കോണ്ടാക്റ്റുകൾ, പ്രായമായവർ, ഗർഭിണികൾ, മറ്റസുഖമുള്ളവർ, പൊലീസ്, 28 ദിവസത്തിനകം സംസ്ഥാനത്തിനകത്ത് ജില്ലകൾ കടന്ന് യാത്ര ചെയ്തവർ എന്നിവരെയും പരിശോധിക്കും. റാൻഡം പി.സി.ആർ വഴി സ്രവ പരിശോധനയാണ് നടത്തുക.

അതേസമയം റാൻഡം പരിശോധന ഉൾപ്പെടെയുള്ള ടെസ്റ്റുകൾ വേഗത്തിലാക്കാൻ ഒരു ലക്ഷം കിറ്റുകൾ ഹിന്ദുസ്ഥാൻ ലൈഫ് കെയറിൽ നിന്ന് വാങ്ങാൻ സർക്കാർ തീരുമാനിച്ചതായി സൂചനയുണ്ട്. കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ ഇതിനായി ക്ഷണിച്ച ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ഹിന്ദുസ്ഥാൻ ലൈഫ് കെയറിന് പുറമേ ആഗോള ടെൻഡറിൽ പങ്കെടുത്ത യു.എസ് കമ്പനിയിൽ നിന്ന് ഒരുലക്ഷം കിറ്റുകൾ കൂടി വാങ്ങി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കാണാനാണ് നീക്കം.