kees-veldboer-

ആംസ്റ്റർഡാം : ലോകമെമ്പാടും കൊവിഡ് ലോക്ക് ഡൗണിൽ തുടരുകയാണ്. ഇതിനിടെ അടുത്ത് പ്രിയപ്പെട്ടവരാരുമില്ലാതെ മരണത്തിലേക്ക് വഴുതി വീഴുന്ന ആയിരക്കണക്കിന് മനുഷ്യരുണ്ട്. അവസാന ആഗ്രഹം സാധിച്ചു കാണാനാകാതെ ലോകത്തോട് വിടപറയുന്നവർ. ഇവർക്ക് വേണ്ടി ജീവിതത്തിന്റെ ഒരു ഭാഗം മാറ്റി വച്ചിരിക്കുകയാണ് കീസ് വെൽഡ്ബർ എന്ന 60 കാരനായ ആംബുലൻസ് ഡ്രൈവർ. വാർദ്ധക്യ സഹജമായ അസുഖങ്ങൾ ബാധിച്ച വയോധികരും മാരക രോഗങ്ങൾക്കടിമപ്പെട്ട ചെറുപ്പക്കാർക്കുമുൾപ്പെടെ 14,000 ത്തിലേറെ പേരുടെ അന്ത്യാഭിലാഷങ്ങൾ നിറവേറ്റാൻ സഹായിച്ച ആളാണ് കീസ്. തന്റെ രാജ്യമായ നെതർലൻഡ്സിൽ ലോക്ക്ഡൗൺ തുടരുകയാണെങ്കിലും തന്റെ ജോലിയിൽ നിന്നും കീസ് പിന്മാറിയിട്ടില്ല.

kees-veldboer-

മാർച്ചിലാണ് നെതർലൻഡ്സിൽ കൊവിഡ് നിയന്ത്രണങ്ങൾ വരുന്നത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് തീവ്രത കുറഞ്ഞ നിയന്ത്രണങ്ങളാണ് നെതർലൻഡ്സിൽ. അന്ന് മുതൽ ഇന്ന് വരെ നൂറോളം പേരെ അവരുടെ ആഗ്രഹം അനുസരിച്ചുള്ള അവസാന യാത്ര കൊണ്ടുപോകാൻ മുൻ പാരമെഡിക്കൽ ജീവനക്കാരൻ കൂടിയായ കീസിന് കഴിഞ്ഞു. ആംബുലൻസ് വിഷ് ഫൗണ്ടേഷൻ എന്ന സംരഭത്തിന്റെ സ്ഥാപകനാണ് കീസ്. തങ്ങൾക്ക് അവസാനമായി കാണണമെന്നുള്ളത് ഏത് സ്ഥലമാണോ അവിടേക്ക് രോഗികളെ എത്തിത്തുന്നതാണ് ഈ സർവീസിന്റെ ദൗത്യം. ഭാര്യ ഈനീകിയുടെ സഹായത്തോടെ തന്റെ സന്നദ്ധ പ്രവർത്തനം മുഴുവൻ സമയ ജോലിയാക്കി മാറ്റിയിരിക്കുകയാണ് കീസ്. അടുത്തിടെ കീസ് സഹായിച്ചവരിൽ ഒരു വൃദ്ധന്റെ അവസാന ആഗ്രഹം തന്റെ പ്രിയപ്പെട്ട വളർത്തു കുതിരയെ കാണണമെന്നായിരുന്നു. കാൻസറിനൊട് മല്ലടിച്ച് കൊണ്ടിരുന്ന ഒരു സ്ത്രീ പറഞ്ഞത് പൂത്തുലഞ്ഞ് നില്ക്കുന്ന ടുലിപ് പാടത്തേക്ക് തന്നെ കൊണ്ടു പോകാമോ എന്നായിരുന്നു.

kees-veldboer-and-wife

ബ്യൂട്ടി പാർലറുകൾ, ഹെയർ ഡ്രസിംഗ് സലൂണുകൾ തുടങ്ങി മനുഷ്യരുമായി അടുത്തിടപഴേകേണ്ടി വരുന്ന സ്ഥാപനങ്ങൾക്കാണ് നെതർലൻഡ്സിൽ നിയന്ത്രണമുള്ളത്. വീടിനുള്ളിൽ തുടരാൻ ജനങ്ങൾക്ക് നിർദ്ദേശമുണ്ട്. എന്നാൽ ആവശ്യക്കാർക്ക് 1.5 മീറ്റർ അകലം പാലിച്ച് പുറത്തിറങ്ങുന്നതിൽ കുഴപ്പമില്ല. അതുകൊണ്ട് തന്നെ കീസിന്റെ ജോലിയ്ക്ക് തടസമൊന്നും ഉണ്ടായില്ല. ഭാഗിക ലോക്ക്ഡൗണായതിനാൽ കീസിന് രോഗികളെയും കൊണ്ട് യാത്രകൾ നടത്താനായി. രോഗികൾക്കൊപ്പം ആവശ്യമെങ്കിൽ ഒന്നോ രണ്ടോ പേർ കാണും. ഇപ്പോൾ പൂന്തോട്ടങ്ങളിലും ബീച്ചുകളിലുമൊക്കെ എത്തുമ്പോൾ അവിടമൊക്കെ വിജനമാണ്. ഈ ആഴ്ച സ്പെയിനിലേക്കൊരു യാത്രയ്ക്ക് ശ്രമിക്കുകയാണ് കീസ്. ഗുരുതര രോഗത്തിന് ചികിത്സയിൽ കഴി‌ഞ്ഞിരുന്ന ഒരു നെതർലൻഡ്സുകാരൻ തെക്കൻ സ്പെയിനിലുണ്ട്. സ്പെയിനിൽ കുടങ്ങിക്കിടക്കുന്ന അയാൾക്ക് എത്രയും വേഗം നെതർലൻഡ്സിലുള്ള തന്റെ കുടുംബത്തെ കാണണമെന്നാണ് ആഗ്രഹം. ഇതിനായുള്ള ശ്രമത്തിലാണ് കീസിപ്പോൾ.

kees-veldboer-

ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഒരു ആശുപത്രിയിൽ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് ആംബുലൻസിൽ മാറ്റവെയാണ് ഇങ്ങനെയൊരു ആശയം കീസിന്റെ മനസിലുദിച്ചത്. റോട്ടർഡാം ഹാർബർ അവസാനമായി കാണണമെന്ന് ഒരു രോഗി പറഞ്ഞത് മുതലാണ് കീസ് തന്റെ ഉദ്ദ്യമം ആരംഭിച്ചത്. കീസ് അയാളുടെ ആഗ്രഹം സാധിച്ചു കൊടുത്തെന്ന് മാത്രമല്ല, സ്ട്രെക്ചറിലായിരുന്ന അയാൾക്ക് ചെറിയ ബോട്ട് യാത്രയും ഒരുക്കി നൽകി. ഒരു വർഷത്തിന് ശേഷം കീസ് തന്റെ ആംബുലൻസ് വിഷ് ഫൗണ്ടേഷൻ സ്ഥാപിച്ചു. അന്ന് മുതൽ കീസ് രോഗികളെ കല്യാണ സ്ഥലങ്ങൾ, മ്യൂസിയം, ഗാലറികൾ, ഫെസ്റ്റിവൽ, ഫുട്ബോൾ മത്സരങ്ങൾ തുടങ്ങിയവയും കാണിക്കാൻ ആരംഭിച്ചു.