വാഷിംഗ്ടൺ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായി അറിയാമെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. 'എനിക്ക് ഇപ്പോൾ നിങ്ങളോടത് കൃത്യമായി പറയാൻ സാധിക്കില്ല. കിം ജോംഗിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അധികം വൈകാതെ നിങ്ങൾ ഇക്കാര്യം അറിയും. അദ്ദേഹം എത്രയും വേഗം സുഖംപ്രാപിക്കാൻ ആശംസിക്കുന്നു.
കിം ജോംഗുമായി വളരെ നല്ല ബന്ധമാണ് എനിക്കുള്ളത്. ഞാനല്ലായിരുന്നു യു.എസ് പ്രസിഡന്റെങ്കിൽ കൊറിയയുമായി യുദ്ധത്തിലായിരുന്നേനെ. അദ്ദേഹത്തിനും ഇക്കാര്യം അറിയാം.- വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
കിം ജോംഗിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന വാർത്ത കുറച്ചുദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞദിവസം അദ്ദേഹം മരിച്ചെന്നുള്ള വാർത്തയും പുറത്തുവന്നു. രാജ്യത്തെ സുപ്രധാന ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കാതിരുന്നതോടെയാണ് ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചുതുടങ്ങിയത്.