covid-china

സിഡ്നി: കൊവിഡിന്റെ ഉത്ഭവസ്ഥാനമായ ചൈന ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ നിന്ന് പരുങ്ങുകയാണ്. ലോക ജനതയെ ആകെ ഭീതിയിൽ നിറുത്തിയ ചൈനക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുയരുമ്പോൾ അതിനെയൊക്കെ അതിജീവിക്കാൻ ചൈന പതിനെട്ടടവും പയറ്റുകയാണ്. ഇപ്പാേഴിതാ ചൈനക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് ഓസ്ട്രേലിയയാണ്.

കൊവിഡിന്റെ ഉത്ഭവത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയയും അസന്നിഗ്ദ്ധമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് ചൈനയെ തീർത്തും ചൊടിപ്പിച്ചു. തങ്ങൾക്കെതിരെ വാളോങ്ങിയ ഓസ്ട്രേലിയക്കെതിരെ ചൈന രണ്ടും കല്പിച്ചിറങ്ങിയിരിക്കുകയാണ്.

'ചൈനീസ് ജനത ഓസ്‌ട്രേലിയൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉല്പന്നങ്ങളെയും ബഹിഷ്‌കരിക്കണം' എന്ന് ഓസ്‌ട്രേലിയയിലെ ചൈനീസ് അംബാസഡർ ചെങ് ജിങ്‌യെ ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിരിക്കുന്നു.

ചൈനയിലെ സാധാരണക്കാർ, എന്തിന് ഓസ്‌ട്രേലിയൻ ബീഫ് കഴിക്കണം, എന്തിന് ഓസ്‌ട്രേലിയൻ വൈൻ കുടിക്കണം എന്നെല്ലാം ആലോചിക്കാൻ ആരംഭിച്ചേയ്ക്കാം എന്നാണ് ചെങ് പറയുന്നത്. ചൈനീസ് ടൂറിസ്റ്റുകൾ ഓസ്‌ട്രേലിയൻ സന്ദർശനം വേണമോ എന്ന് പുനർചിന്തനം നടത്താൻ സാദ്ധ്യതയുണ്ടെന്നും ചെങ് പറഞ്ഞു. ഉപരിപഠനത്തിന് അനുയോജ്യമായ മറ്റു രാജ്യങ്ങൾ ഏതെല്ലാം എന്ന് ചൈനയിലെ വിദ്യാർത്ഥികളും, രക്ഷിതാക്കളും ചിന്തിക്കാൻ തുടങ്ങിയേയ്ക്കാം എന്നും ചെങ് പറഞ്ഞു.

ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസിനെ കുറിച്ച് ഒരു തത്വാധിഷ്ഠിതമായ ആഹ്വാനമാണ് ഓസ്‌ട്രേലിയ ചെയ്തതെന്ന് പെയ്ൻ പറഞ്ഞു. ഓസ്‌ട്രേലിയൻ വൈനിന്റെയും, ബീഫിന്റെയും വലിയൊരു മാർക്കറ്റ് ആണ് ചൈന. 2018 ൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നയതന്ത്രബന്ധത്തിൽ വിള്ളൽ വീണതിനെതുടർന്ന്, ചൈനയിലേക്കുള്ള ഓസ്‌ട്രേലിയൻ വൈനിന്റെ ഇറക്കുമതി കാലാവധി ചൈന വൈകിപ്പിക്കുകയും, ചില ഓസ്‌ട്രേലിയൻ ബീഫ് കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഗുണനിലവാരമില്ലാത്ത ടെസ്റ്റ് കിറ്റുകളും, സുരക്ഷാ ഉപകരണങ്ങളും വിറ്റ ചൈനയ്ക്ക് നേരെ ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങൾ കൂടിയാലോചിക്കുന്ന ഈ സമയത്ത്, ഓസ്‌ട്രേലിയയെ സമ്മർദ്ദത്തിലാക്കാനുള്ള ചൈനയുടെ ശ്രമം അവർക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.