
അബുദാബി: യു.എ.ഇയിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസത്തിന് വക നൽകുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ആദ്യമായി പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം 500 ൽ താഴെയായി. ആരോഗ്യപ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച 490 പുതിയ കേസുകളാണ് പ്രഖ്യാപിച്ചത്. ഞായറാഴ്ച റിപ്പോർട്ട് ചെയ്ത 536 കേസുകളേക്കാൾ 46 കുറവ്. അതിനു മുമ്പുള്ള മൂന്ന് ദിവസങ്ങളിൽ യഥാക്രമം 532, 525, 518 എന്നിങ്ങനെയായിരുന്നു പുതിയ രോഗികളുടെ എണ്ണം.
പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ നെയ്ഫ്, അൽ റാസ് പ്രദേശങ്ങളിലെ 24 മണിക്കൂർ കർഫ്യൂ ഒഴിവാക്കിയിരുന്നു. ഒരു മാസത്തിനുള്ളിൽ 6,000 ത്തിലധികം പരിശോധനകൾ പ്രദേശങ്ങളിലെ താമസക്കാർക്കിടയിൽ നടത്തി.
രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 10,839 ആണ്. 2,090 പേർക്ക് രോഗം മാറി. ഇതുവരെ പത്തുലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തിയ യു.എ..ഇ ഉയർന്ന ടെസ്റ്റ് ഡെൻസിറ്റിയിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ്.
സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു
കടുത്ത നിയമങ്ങളുള്ള സൗദിയിലും പൊതുമാപ്പ് പ്രഖ്യാപിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കുവൈറ്റാണ് ആദ്യം പൊതുമാപ്പ് പ്രഖ്യാപിച്ചത്. സൽമാൻ രാജാവിന്റെ പ്രതേക നിർദ്ദേശ പ്രകാരം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം 20 കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവർക്ക് ലഭിക്കും. പൊതുമാപ്പിൽ തടവുകാരെ വിട്ടയക്കുന്നതിനുള്ള അടിസ്ഥാന വ്യവസ്ഥകൾ അടങ്ങിയ നിർദേശങ്ങൾ പ്രവിശ്യാ ഗവർണറേറ്റുകൾക്ക് കൈമാറി. കൊലപാതകം, ഭീകര പ്രവർത്തനം, ദേശവിരുദ്ധ പ്രവർത്തനം അടക്കമുള്ള വലിയ കുറ്റകൃത്യങ്ങളിലെ പ്രതികൾക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല.
ആളപായമില്ലാത്ത നിലയ്ക്കുള്ള ആക്രമണം, ഗതാഗത നിയമ ലംഘനം, സൈബർ കുറ്റകൃത്യങ്ങൾ, മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കൽ, സദാചാര കേസുകൾ, മോഷണം, രഹസ്യ രേഖകൾ മോഷ്ടിക്കൽ, ഇഖാമ നിയമ ലംഘകരെ കടത്തൽ, ഓഹരി വിപണി നിയമ ലംഘനം, അനധികൃത മന്ത്രചികിത്സ, കരുതിക്കൂട്ടിയല്ലാത്ത കൊലപാതകം, ജയിലുകൾക്കും ലോക്കപ്പുകൾക്കും അകത്ത് സംഭവിക്കുന്ന കേസുകൾ, മദ്യം, ആയുധം, ബിനാമി ബിസിനസ്, നിസാര കേസുകൾ, ഖാത്ത് കടത്ത്, പോക്കറ്റടി, വണ്ടിച്ചെക്ക്, മയക്കുമരുന്ന് എന്നീ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവർക്കാണ് വ്യവസ്ഥകൾക്ക് വിധേയമായി പൊതുമാപ്പ് ലഭിക്കുക.
മദ്യസേവ നടത്തി നാലാം തവണ വരെ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ടവർക്കും പൊതുമാപ്പ് ലഭിക്കും. വിതരണ ലക്ഷ്യത്തോടെ മദ്യം കൈവശം വച്ച് ആദ്യമായി ശിക്ഷിക്കപ്പെടുന്നവർക്ക് ശിക്ഷാ കാലയളവിന്റെ നാലിലൊന്ന് കാലം പൂർത്തിയാക്കിയാൽ പൊതുമാപ്പിന് അർഹതയുണ്ടാകും.
ലൈസൻസില്ലാതെ ഒരു ആയുധം സൂക്ഷിച്ച കേസിൽ ശിക്ഷിക്കപ്പെട്ടവർക്കും പൊതുമാപ്പ് ലഭിക്കും. എന്നാൽ ഇവരുടെ പക്കൽ കണ്ടെത്തിയ വെടിയുണ്ടകൾ ഇരുപതിൽ കവിയാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ബിനാമി ബിസിനസ്, വാണിജ്യ വഞ്ചനാ കേസുകളിൽ ആദ്യമായി ശിക്ഷിക്കപ്പെടുന്നവർക്കും ശിക്ഷാ കാലയളവിൽ നാലിലൊന്ന് പൂർത്തിയാക്കിയാൽ പൊതുമാപ്പ് ലഭിക്കും.
കരുതിക്കൂട്ടിയല്ലാതെയുള്ള കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ടവർക്ക് പൊതുമാപ്പ് ലഭിക്കുന്നതിന് ശിക്ഷാ കാലയളവിൽ പകുതി അനുഭവിക്കണമെന്ന് വ്യവസ്ഥയുണ്ട്. അവശേഷിക്കുന്ന ഭൂരിഭാഗം കേസുകളിലും തടവുകാർ നാലിലൊന്ന് ശിക്ഷാ കാലം പൂർത്തിയാക്കിയിരിക്കണം.
കുവൈറ്റിൽ രജിസ്റ്റർ ചെയ്തത് 20,000 പേർ
കുവൈറ്റിൽ ഇതുവരെ പൊതുമാപ്പിന് രജിസ്റ്റർ ചെയ്തത് 20,000ത്തോളം പേർ. ഏപ്രിൽ ഒന്നുമുതലാണ് രാജ്യത്ത് പൊതുമാപ്പ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. രജിസ്‌ട്രേഷൻ. ഏപ്രിൽ 30ന് അവസാനിക്കും. രജിസ്‌ട്രേഷൻകേന്ദ്രങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുന്നതിനാൽ നീട്ടാനും സാദ്ധ്യതയുണ്ട്.
പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് നിയമപരമായ മാർഗത്തിൽ കുവൈറ്റിലേക്ക് തിരിച്ചുവരാൻ തടസമില്ല. എന്നാൽ, യാത്രാവിലക്കോ കോടതി വ്യവഹാരങ്ങളോ ഉള്ളവർക്ക് ജനറൽ അഡ്മിനിസ്‌ട്രേഷനെ സമീപിച്ച് കേസിൽ പുനഃപരിശോധന ആവശ്യപ്പെടാം. നിശ്ചിത സമയത്തിനുള്ളിൽ ഇളവ് പ്രയോജനപ്പെടുത്താത്ത താമസനിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിദേശ മന്ത്രിമാരുമായി ചർച്ച നടത്തി
കൊവിഡിൻെറ പശ്ചാത്തലത്തിൽ വിവിധ രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ടെലിഫോണിൽ സംസാരിച്ചു. ജോർഡൻ വിദേശകാര്യമന്ത്രി അയ്മൻ അസ്സഫദി, യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല ആൽ സുഊദ് എന്നിവരുമായി ചർച്ച നടത്തി.