ഇടുക്കി: ഇടുക്കിയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ കളക്ടർ അറിയിച്ചു. ആരോഗ്യപ്രവർത്തകനും ആശ വർക്കറിനും ജനപ്രതിനിധിക്കുമുൾപ്പടെയാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് വിവരം.ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി എം.എം മണിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുകയാണ്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ട തൊടുപുഴ നഗരസഭാംഗത്തിനും ജില്ലാ ആശുപത്രിയിലെ മെയില്‍ നഴ്സ്, ആശാ പ്രവര്‍ത്തക എന്നിവർക്കുമാണ് രോഗം പിടിപെട്ടിരിക്കുന്നത്. മൂന്നുപേരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ജില്ലയില്‍ രോഗികളുടെ എണ്ണം 17 ആയി. ഇന്നലെ രാത്രി വൈകി വന്ന പരിശോധനാ ഫലങ്ങളാണ് പോസിറ്റീവ് ആയത്. തൊടുപുഴ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ നഴ്സിനാണ് രോഗം ബാധിച്ചത്. ഇവർ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുമായി ഇടപഴകിയതായി വിവരം ലഭിച്ചു. ഈ സാഹചര്യത്തിൽ ജില്ലാ ആശുപത്രി അടച്ചിട്ടേക്കാം.