തിരുവനന്തപുരം: കോട്ടയവും ഇടുക്കിയും മലബാർ മേഖലയിലെ നാല് ജില്ലകളുമൊഴികെ ഓറഞ്ച് സോണിൽപ്പെട്ട സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നേരിയ ഇളവ് വന്നതോടെ ജനം കൂട്ടത്തോടെ ഇറങ്ങിത്തുടങ്ങി. പൊലീസ് പരിശോധന നടത്തുന്നുണ്ടെങ്കിലും പലയിടത്തും കർശനമല്ല. ഒട്ടനവധി വാഹനങ്ങളും നിരത്തിലുണ്ട്. തിരുവനന്തപുരത്തടക്കം പല കടകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്.
ഗ്രാമങ്ങളിലും നഗര പ്രദേശങ്ങളിലും നിർമ്മാണ മേഖലകളും കാർഷിക ജോലികളുൾപ്പെടെയുള്ള ചെറുകിട ജോലികളും സജീവമായി.
ഇവിടങ്ങളിൽ കടകളുടെ പ്രവർത്തനം വൈകുന്നേരം ഏഴ് മണിവരെയാക്കിയതോടെ വ്യാപാരമേഖലയിലും നേരിയ ഉണർവ് പ്രകടമായി. പൂർണതോതിലല്ലെങ്കിലും അത്യാവശ്യ സർവീസുകളുൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനവും ആരംഭിച്ചതോടെ കഴിഞ്ഞ ഒരുമാസത്തിലേറെയായി അടച്ചുപൂട്ടി വീടുകൾക്കുള്ളിൽ കഴിഞ്ഞ പലരും പുറത്തിറങ്ങി തുടങ്ങി. പൊതുഗതാഗതം ആരംഭിക്കാത്തതിന്റെ കുറവൊഴിച്ചാൽ ഓറഞ്ച് സോണുകളിലേക്ക് മാറ്റപ്പെട്ട ജില്ലകളിൽ ജനജീവിതത്തിന് പൊതുവിൽ മറ്റ് തടസങ്ങളൊന്നുമില്ല. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തുകളിൽ വർദ്ധിച്ചിട്ടുണ്ട്.
ചരക്ക് വാഹനങ്ങൾക്ക് വിലക്കില്ലാത്തതിനാൽ അരിയും പച്ചക്കറി പലവ്യജ്‌ഞനങ്ങളുൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്കും ഇതുവരെ മുട്ടില്ല. മത്സ്യത്തിന് പലയിടങ്ങളിലും അനുഭവപ്പെട്ടിരുന്ന ക്ഷാമവും ഫിഷറീസ് വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് പരിഹരിക്കപ്പെട്ടു. ഹാർബറുകളിൽ നിന്ന് ലേലം ചെയ്തുവരുന്ന മത്സ്യം വിലക്കൂടുതലാണെങ്കിലും ലഭിച്ചുതുടങ്ങിയതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിഷമീനുകളുടെ വരവിലും നല്ല കുറവുണ്ടായിട്ടുണ്ട്. ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലും കാർഷിക ജോലികളും വിളവെടുപ്പും നടന്നുവരികയാണ്. പൈനാപ്പിൾ, നാടൻ പച്ചക്കറികൾ, ചീര , ചീനി എന്നിവയ്ക്കൊപ്പം ചക്ക, മാങ്ങ എന്നിവയുടെ വിപണികളും സജീവമായി.
റോഡ്, പാലങ്ങൾ, മറ്റ് മരാമത്ത് പണികൾ എന്നിവ സാമൂഹ്യ അകലം പാലിച്ച് ആരംഭിച്ചതോടെ തൊഴിൽ മേഖലകളുടെ പ്രവർത്തനം പൂർവ്വസ്ഥിതിയിലായി വരുന്നുണ്ട്. പാറ ക്വാറികൾ പ്രവർത്തനം തുടങ്ങിയതോടെ ക്രഷറുകൾ, ഇഷ്ടിക നിർമ്മാണ യൂണിറ്റുകൾ എന്നിവിടങ്ങളിലും ജോലികൾ തുടങ്ങി. ഓറഞ്ച് സോണിലേക്ക് മാറിയ ജില്ലകളിൽ വാഹന പരിശോധനയും നിരീക്ഷണവും ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണ്. ജില്ലാ അതിർത്തികളെല്ലാം ഇപ്പോഴും പൊലീസ് ബന്തവസിലാണ്. പുറത്തിറങ്ങുന്നവർക്ക് മാസ്ക് നിർബന്ധമാക്കിയതിനൊപ്പം അനാവശ്യമായി കറങ്ങി നടക്കുന്നവരെ പിടികൂടി നടപടികളെടുക്കുകയും ചെയ്യുന്നുണ്ട്.
തിരുവനന്തപുരം , ആലപ്പുഴ, തൃശൂർ, വയനാട് ജില്ലകളിലാണ് നിലവിൽ കൊവിഡ് ബാധിതരില്ലാത്തത്. രണ്ട് നഗരസഭാ വർഡുകൾ ഇപ്പോഴും ഹോട്ട് സ്പോട്ടുകളായി തുടരുന്നതിനാൽ തിരുവനന്തപുരം നഗരവും നഗര പ്രാന്തവും ഇപ്പോഴും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളിൽ തന്നെയാണ്. സംസ്ഥാന അതിർത്തി പങ്കിടുന്ന ഇവിടെയുൾപ്പെടെ അതിർത്തിജില്ലകളെല്ലാം തമിഴ്നാട് മണ്ണിട്ട് അടച്ചതോടെ ഊടുവഴികളിലൂടെ അതിർത്തികൾ കടന്നുള്ള വാഹനങ്ങളുടെ വരവ് നിലച്ചിട്ടുണ്ട്. ഗ്രീൻ സോണായിരുന്ന കോട്ടയം, ഇടുക്കി ജില്ലകളിൽ പെട്ടെന്നുണ്ടായ രോഗികളുടെ വർദ്ധനയെ തുടർന്ന് അയൽജില്ലകളായ ആലപ്പുഴ, കോട്ടയം , പത്തനംതിട്ട, എറണാകുളം ജില്ലകളുടെ അതിർത്തികളും ജില്ലാ കളക്ടർമാരുടെ നിർദേശത്തെ തുടർന്ന് അടച്ചിട്ടുണ്ട്.