ന്യൂയോർക്ക്: കൊവിഡ് രോഗികളെ ചികിത്സിച്ച അമേരിക്കൻ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു .ന്യൂയോർക്ക് പ്രീസ്‌ബൈറ്റേറിയൻ അലെൻ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗം ഡോക്ടറായിരുന്ന ലോറെന ബ്രീനാണ്(49) ജീവനൊടുക്കിയത്. ചികിത്സയ്ക്കിടയിൽ ഡോക്ടർക്കും രോഗം ബാധിച്ചിരുന്നു. അങ്ങനെ വീട്ടിൽ കഴിഞ്ഞശേഷം വീണ്ടും ആശുപത്രിയിൽ എത്തിയെങ്കിലും ഇവരെ തിരിച്ചയച്ചു.അത് ഡോക്ടറുടെ മനസിനെ വല്ലാതെ വേദനിപ്പിച്ചു.
കൊവിഡ് രോഗികളുടെ വിഷമങ്ങൾ കണ്ടറിഞ്ഞ് അവർക്കൊപ്പം എെ.സി.യുവിൽ കഴിഞ്ഞതാണ് ഈ ഡോക്ടർ. രോഗികളിൽ നിന്ന് രോഗം തന്നിലേക്ക് പകർന്നെങ്കിലും അതിൽ തളരാതെ വീണ്ടും അവരെ ചികിത്സിക്കാനെത്തിയതായിരുന്നു. ആശുപത്രിക്കാർ മടക്കി അയച്ചതോടെ ആ ഡോക്ടറുടെ മനസിൽ അതൊരു നൊമ്പരമായി . കൊവിഡിന്റെ അസാധാരണ സാഹചര്യത്തിൽ അതീവ ദുഃഖകരമായ സാഹചര്യങ്ങളിലാണ് ജോലിയെടുക്കേണ്ടി വന്നതെന്ന് മകൾ പറഞ്ഞിരുന്നതായി പിതാവും ഡോക്ടറുമായ ഫിലിപ് സി ബ്രീൻ പ്രതികരിച്ചു.
മകൾക്ക് മാനസിക അസ്വാസ്ഥ്യങ്ങളൊന്നുമുണ്ടായിരുന്നില്ല.. എന്നാൽ അവസാനമായി മകളോട് സംസാരിച്ചപ്പോൾ എന്തോ അലട്ടുന്നതു പോലെ തോന്നിയിരുന്നു. പല രോഗികളും ആശുപത്രിക്ക് പുറത്ത് ആംബുലൻസിൽ വച്ച് ചികിത്സ പോലും ലഭിക്കാതെ മരിച്ചതിനെക്കുറിച്ചാണ് പറഞ്ഞത്. ആശുപത്രിക്ക് പുറത്ത് ആംബുലൻസുകളുടെ നീണ്ട നിരയുണ്ടായിരുന്നു. മൂന്ന് മണിക്കൂർ വരെ കാത്തു നിന്നിട്ടും ചികിത്സ ലഭിക്കാതെ രോഗികൾ മരിക്കുന്ന സംഭവങ്ങൾ വരെയുണ്ടായി' എന്നും മകൾ പറഞ്ഞിരുന്നു. അത് മകളെ വല്ലാതെ അലട്ടിയിരുന്നതായി ഡോ. ഫിലിപ് സി ബ്രീൻ പറഞ്ഞു.
12 മണിക്കൂർ ഷിഫ്റ്റ് പൂർത്തിയാക്കാൻ സാധിക്കാതെ പോയതിനെക്കുറിച്ചും ഡോ. ലോറെന പറഞ്ഞിരുന്നു. രോഗം ബാധിച്ചതിനെ തുടർന്ന് കൊവിഡ് രോഗികളെ സഹായിക്കാൻ സാധിക്കാതെ വന്നതോടെ അവർ കൂടുതൽ വിഷമത്തിലായി. 'കൊവിഡിനെതിരായ മുന്നണി പോരാളിയായിരുന്നു ലോറെന. സ്വന്തം ജോലി ആത്മാർത്ഥമായി ചെയ്യാനാണ് ശ്രമിച്ചത്. പക്ഷേ നടന്നില്ല, കൊവിഡിൽ മരിച്ച് വീഴുന്നതു കണ്ട് നിന്ന ആ ഡോക്ടറും അങ്ങനെ സ്വയം മരണത്തിന് കീഴടങ്ങുകയായിരുന്നു.