വിതുര: മലയോരമേഖലയിൽ ഇപ്പോഴത്തെ താരം ചക്കയാണ്. തീൻമേശകളിൽ ചക്ക വിഭവം ഇല്ലാത്ത ദിവസങ്ങൾ വിരളമാണ്. ചക്ക സീസൺ ആരംഭിച്ചതും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും ഏതാണ്ട ഒരേ സമയത്താണ്. ആവശ്യസാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങാൻ കഴിയാത്തതും അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവും വന്നതോടെ വീട്ടിലെ അടുക്കളയിൽ ചക്കവിഭവങ്ങൾക്ക് ഡിമാന്റ് കൂട്ടി. ഇപ്പോൾ കുട്ടികളുടെയും മുതിർന്നവരുടെയും ഇഷ്ട വിഭവമായി മാറിയിരിക്കുകയാണ് ചക്ക. ഓരോ ദിവസവും ചക്കയുടെ പല വിഭവങ്ങൾ തീൻമേശയിൽ എത്തിക്കുകയാണ് ഓരോ വീട്ടമ്മമാരും. സാധാരണ ചക്കക്കാലമാകുമ്പോൾ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘങ്ങൾ നിസാര വിലക്ക് ചക്ക വാങ്ങിക്കൂട്ടാറാണ് പതിവ്. ഇത് ഉപ്പേരിയായും മറ്റും നമ്മൾ പറയുന്ന വിലകൊടുത്ത് വാങ്ങും. ശേഷിക്കുന്നവ പഴുത്ത് പറമ്പുകളിൽ തന്നെ വീഴും. അല്ലെങ്കിൽ വന്യമൃഗങ്ങൾ തിന്ന് തീർക്കും. എന്നാൽ ലോക്ക് ഡൗൺ ആയതിനാൽ ഇക്കുറി ചക്ക തിരക്കി അന്യസംസ്ഥാനത്ത് നിന്നും ആരും കേരളത്തിലേക്ക് എത്തിയിട്ടില്ല.

ചക്ക സീസനും, ലോക്ക് ടൗണും ഒരുമിച്ച് എത്തിയത് കുടുംബശ്രീ യൂണിറ്റുകൾക്ക് അനുഗ്രഹമായി. ചക്കശേഖരിച്ചു വറ്റൽ ഉണ്ടാക്കി മികച്ച വരുമാനം നേടുകയാണ് ഇവർ. ഇപ്പോൾ ചക്ക കയറ്റുമതി ഇല്ലാത്തതിനാൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ആവശ്യത്തിന് ചക്ക ലഭിക്കുന്നുണ്ടെന്ന് കുടുംബശ്രീ യൂണിറ്റുകൾ പറയുന്നു. ചക്ക വറ്റലിന് പുറമെ, ചക്ക അച്ചാർ, സ്ക്വാഷ്, ജ്യൂസ്, ഹൽവ, എന്നിവയും ഉണ്ടാക്കി വിറ്റഴിക്കുന്നുണ്ട്.

ചിക്കനും മീനിനും പകരം ചക്ക വച്ചത്, ചക്ക പുഴുക്ക്, അവിയൽ, തോരൻ, വിഴുക്ക്, എരിശെരി തുടങ്ങി പല തരത്തിലുള്ള വിഭവങ്ങളാണ് ഉച്ചയൂണിനൊപ്പം വിളമ്പുന്നത്. വൈകിട്ടാകുമ്പോഴേക്കും വേനൽമഴ ആസ്വദിക്കാൻ കട്ടംചായയ്ക്കൊപ്പം ചക്കവറ്റലും ചക്കയപ്പവും. ഇനിയുമുണ്ട് ചക്ക വിഭവങ്ങൾ, ചക്ക പായസം, ചക്കക്കുരു ജൂസ്, ചക്ക അച്ചാർ, ചക്ക സ്ക്വാഷ് എന്നിവയും തരംഗമായി കഴിഞ്ഞു. ഇതിനകം ചക്ക. പതിവിന് വിപരീതമായി ഇക്കുറി പ്ലാവുകൾ സമൃദ്ധമായി ചക്കകായ്ച്ചിട്ടുണ്ട്. ചക്ക കൊണ്ട് അൻപതിൽ പരം ഉൽപ്പന്നങ്ങൾ ഉണ്ടാക്കുവാൻ കഴിയുമെന്നാണ് കൃഷി വിദഗ്ധർപറയുന്നത്. ചക്കമടൽ, ചക്ക പൂഞ്ച് എന്നിവവരെ ഉപയോഗപ്പെടുത്താം.