ബീജിംഗ്: പുതിയ രോഗികളൊന്നുമില്ലാത്തതിനാൽ അടയ്ക്കാനൊരുങ്ങി ബീജിംഗിലെ കൊവിഡ് 19 സ്പെഷ്യൽ ആശുപത്രി. ഇവിടെ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ഡിസ്ചാർജായി. വൈറസിന്റെ പ്രഭാവ കേന്ദ്രമായിരുന്ന വുഹാനിൽ കഴിഞ്ഞ ദിവസം ചികിത്സയിൽ കഴിഞ്ഞിരുന്ന അവസാന രോഗിയും ഡിസ്ചാർജായിരുന്നു. തുടർന്ന് 16 താത്കാലിക കൊവിഡ് ആശുപത്രികൾ വുഹാനിൽ അടച്ചു.
അതേസമയം, ചൈനയിൽ ആറ് പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് പേർ വിദേശത്ത് നിന്നും വന്നതാണ്. മൂന്നെണ്ണം ഹെയ്‌ലോംഗ്ജിയാംഗ് പ്രവിശ്യയിൽ സമ്പർക്കത്തിലൂടെ ഉണ്ടായതാണ്. ബീജിംഗ് നഗരത്തിന്റെ വടക്കാണ് ഷിയോടാംഗ്ഷൻ എന്ന ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്. മാർച്ച് 16 മുതലാണ് ഇവിടെ കൊവിഡ് 19 ചികിത്സ ലഭ്യമാക്കി തുടങ്ങിയത്. നാളെ മുതൽ ആശുപത്രിയിലെ സേവനം നിറുത്തനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഇവിടെ പരിശോധിച്ചിരുന്നു. രോഗ ലക്ഷണങ്ങൾ ഉള്ളവരെയും രോഗികളെയും പരിശോധനയ്ക്ക് വിധേയമാക്കേണ്ടവരെയുമെല്ലാം ഇവിടെ പ്രത്യേക വിഭാഗങ്ങളിൽ നിരീക്ഷിച്ചു. 2003ൽ സാർസ് പൊട്ടിപ്പുറപ്പെട്ട സമയത്താണ് രോഗികളെ ക്വാറന്റൈൻ ചെയ്യാനായി ഈ ആശുപത്രി നിർമിച്ചത്. അന്ന് ഒരാഴ്ച കൊണ്ടാണ് ആശുപത്രി പടുത്തുയർത്തിയത്. ബീജിംഗിൽ ആകെ 593 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒമ്പത് പേർ ഇവിടെ മരിച്ചു.
ചൈനയിൽ ഇതേ വരെ മരിച്ചവരുടെ എണ്ണം 4,633 ആണ്. അതേ സമയം, കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 82,836 ആയി. ഇതിൽ 77,555 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. 648 പേർ ഇപ്പോഴും ചികിത്സയിലാണ്. വിദേശത്ത് നിന്നെത്തിയ 1,639 പേർക്കാണ് ചൈനയിൽ രോഗം സ്ഥിരീകരിച്ചത്. വുഹാൻ സ്ഥിതി ചെയ്യുന്ന ഹ്യൂബെയ് പ്രവിശ്യയിൽ 599 പേർ നിരീക്ഷണത്തിൽ തുടരുന്നുണ്ട്.