samudra

തിരുവനന്തപുരം: രാമായണത്തിലെ ജ‌ഡായുവിനെ കേന്ദ്രീകരിച്ച് ഒരു നൃത്തശില്പം ഒരുക്കുന്നതിന്റെ പണിപ്പുരയിലായിരുന്നു പ്രശസ്ത കോറിയോഗ്രാഫർമാരായ മധുവും സജീവും. ഇരട്ട സഹോദരങ്ങളെപ്പോലെ കഴിഞ്ഞ ഇവർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സ്വന്തം വീടുകളിലായി. അതിനു തൊട്ടുമുമ്പ് ഗുരുവായൂരിലായിരുന്നു ഒടുവിലത്തെ പരിപാടി. നേരിൽ കാണാറില്ലെങ്കിലും ജഡായുനൃത്തത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. വീഡിയോ കാളിലൂടെ ആശയങ്ങൾ പങ്കുവച്ചും സ്വയം പ്രാക്ടീസ് നടത്തിയുമാണ് അത് നിർവഹിക്കുന്നത്. ചില സ്റ്റെപ്പുകളുടെയും മറ്രും വീഡിയോ പരസ്പരം എടുത്തയച്ച് ചർച്ചചെയ്യുന്നു.
45 വിദേശ രാജ്യങ്ങളിലെ ക്ഷണിക്കപ്പെട്ട സദസുകളിലും അന്താരാഷ്ട്ര തിയേറ്രർ,‌ ഡാൻസ് മേളകളിലും രാജ്യത്തെ പ്രതിനിധീകരിച്ച കോറിയോഗ്രാഫർമാരാണ് വക്കം സമുദ്ര പെർഫോമിംഗ് ആർട്സിലെ മധുവും സജീവും. 1993ൽ തിരുവനന്തപുരത്ത് ദക്ഷാസേത്തിന്റെ മുന്നിൽ നൃത്തം പഠിക്കാൻ എത്തിയതുമുതൽ രണ്ടുപേരും ഒരുമിച്ചാണ്. പുതിയ ഗ്രൂപ്പ് തുടങ്ങിയതും കോറിയോഗ്രാഫിയിൽ പുതിയ ചുവടുവയ്പുകൾ നടത്തിയതും ഒരേ മനസോടെതന്നെ. 1998ൽ സമുദ്ര തുടങ്ങിയതു മുതൽ രാവിലെ 9 മുതൽ 2 മണിവരെ ഒരുമിച്ചാണ് പരിശീലനം. പരിപാടിയില്ലാത്ത ദിവസങ്ങളിലും പുതിയ കോറിയോഗ്രാഫി തയ്യാറാക്കുമ്പോഴും കൂടുതൽ സമയം ഒരുമിച്ച് പ്രാക്ടീസ് ചെയ്യും.

ലണ്ടനിലെ റോയൽ ഒപേരയിൽ പ്രദർശനം നടത്തിയതും മുസഫർ അലി സംവിധാനം ചെയ്ത ഫക്കീർ ഒഫ് ബനാറസിന് കോറിയോഗ്രാഫി തയ്യാറാക്കിതും 2010ലെ കോമൺവെൽത്ത് ഗെയിംസിന്റെ സമാപന ചടങ്ങിനായി ഇന്ത്യയിലെ 680 ആയോധനകല വിദഗ്ദ്ധരെ ഒരുമിപ്പിച്ച് നടത്തിയ പരിപാടിയുടെ കോറിയോഗ്രാഫി ചെയ്തതും ഒരുമിച്ചുതന്നെ. ചിറയിൻകീഴ് താമസിക്കുന്ന മധു നാട്ടിലുള്ളപ്പോൾ എല്ലാ ദിവസവും വക്കത്ത് സജീവിന്റെ വീട്ടിനടുത്തുള്ള സമുദ്ര‌യുടെ കളരിയിലെത്തുമായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചശേഷം നേരിൽ കണ്ടിട്ടില്ല. 23 വർഷമായി തുടരുന്ന ഒരുമിച്ചുള്ള പ്രാക്ടീസ് മുടങ്ങിയെങ്കിലും നിയമം ലംഘിക്കാനോ അധികൃതരുടെ അനുവാദം വാങ്ങി വക്കത്തേക്കു പോകാനോ മധു തയ്യാറല്ല. ഇതു തന്നെയാണ് സജീവിന്റെ നിലപാടും.