ഇടുക്കി: ജില്ലയിൽ കൊവിഡ് പ്രതിരോധ നടപടികൾ കർശനമാക്കാൻ തീരുമാനിച്ചെന്ന് മന്ത്രി എം.എം.മണി. പ്രതീക്ഷിക്കാത്ത നിലയാണ് ജില്ലയിൽ ഉണ്ടായിരിക്കുന്നത്. സ്ഥിതി ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. മൂന്നുപേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചേർന്ന ഉന്നതതല യോഗത്തിനുശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ആളുകൾ സംഘം ചേരരുത്. മാസ്ക് ഉപയോഗിക്കണം. ഇടുക്കിയിലും പരിശോധനയ്ക്ക് സംവിധാനം വേണം. പലചരക്ക്, പച്ചക്കറി കട 11 മുതൽ അഞ്ചുവരെ തുറക്കാം.സ്വാബ് പരിശോധനയ്ക്കായി സാമ്പിളുകൾ നൽകുന്ന എല്ലാവരും നിരീക്ഷണത്തിൽ പോകുന്ന സാഹചര്യം ഇതുവരെ ഇടുക്കിയിൽ ഉണ്ടായിരുന്നില്ല. അത് നിർബന്ധമാക്കുമെന്നും, പരിശോധനയ്ക്ക് സ്വയം തയ്യാറായി വരുന്നവരും, അതല്ലാതെ ആരോഗ്യവകുപ്പ് കണ്ടെത്തി പരിശോധിക്കുന്നവരും നിർബന്ധമായും നിരീക്ഷണത്തിൽ പോകണമെന്നും ജില്ലാ ഭരണകൂടം കർശനനിർദേശം നൽകി.
ഇടുക്കിയിൽ നിലനിൽക്കുന്നത് അതീവഗുരുതരമായ സ്ഥിതിവിശേഷമാണെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ അവലോകനയോഗത്തിന് ശേഷം വ്യക്തമാക്കി. നിലവിൽ ജില്ലയിൽ 17 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1300-ഓളം പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ രാത്രി മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ഇന്നലെ രാത്രി ഫലം വരുന്നത് വരെ രോഗം സ്ഥിരീകരിച്ചവർ മറ്റുള്ളവരുമായി ഇടപഴകിയിരുന്നു എന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.. ഇന്നലെ രാത്രി രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക ഇന്നലെ രാത്രി വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. 107 പേരുമായി വരെ ഇവർ അടുത്ത് ഇടപഴകിയിരിക്കാം എന്നാണ് വിലയിരുത്തൽ. ഇവരെയെല്ലാം കണ്ടെത്തി നിരീക്ഷണത്തിൽ ആക്കിയെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.
നിലവിൽ ഇടുക്കിയിൽ അതീവജാഗ്രത വേണ്ട സാഹചര്യമാണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എം എം മണി വ്യക്തമാക്കി.അതിർത്തി കടന്ന് വന്നവരിൽ നിന്നാണ് കൊവിഡ് പടരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. അതിനാൽ തമിഴ്നാട് - കേരള അതിർത്തിയിൽ കർശനപരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നയാളാണ് മിനിഞ്ഞാന്ന് ഏലപ്പാറയിൽ രോഗം സ്ഥിരീകരിച്ച ഡോക്ടർ. അവർ ജനപ്രതിനിധികൾ അടക്കം ഉണ്ടായിരുന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. ഇവർക്ക് പ്രകടമായ രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ഡോക്ടറുടെ അമ്മയ്ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് പരിശോധിച്ചപ്പോൾ, ഡോക്ടർക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗലക്ഷണങ്ങളില്ലാതിരുന്നതിനാൽ കൊവിഡ് പോസിറ്റീവ് ഫലം വന്ന ദിവസം വരെ ഇവർ ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്, ഇവർ പങ്കെടുത്ത അവലോകനയോഗത്തിൽ പങ്കെടുത്ത എല്ലാവരും നിരീക്ഷണത്തിൽ പോയത്.
ഇടുക്കി ജില്ലയിൽ പരമാവധി ആളുകളെ ടെസ്റ്റ് ചെയ്യാൻ ഉന്നതതല യോഗത്തിൽ തീരുമാനിച്ചു . നിലവിൽ ഇടുക്കിയിലെ സാമ്പിളുകൾ കോട്ടയത്താണ് പരിശോധിക്കുന്നത്. കോട്ടയത്തെ ടെസ്റ്റിംഗ് ലാബിൽ ഇടുക്കിയിൽ നിന്ന് വരുന്ന സാമ്പിളുകൾക്ക് മുൻതൂക്കം നൽകുന്നുണ്ട്. ഇതുപോലെ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും ടെസ്റ്റിംഗ് നടത്തുകയോ, ഇടുക്കിയിലും ഒരു ടെസ്റ്റിംഗ് ലാബ് പെട്ടെന്ന് സജ്ജീകരിക്കുകയോ വേണമെന്നാണ് ജില്ലാ ഭരണകൂടം സംസ്ഥാനസർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്.