തിരുവനന്തപുരം: കൊവിഡ് ബാധ സ്ഥിരീകരിക്കാനുള്ള കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ടെസ്റ്റുകളുടെ എണ്ണം വളരെ കുറഞ്ഞു പോയെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഇടുക്കിയും കോട്ടയവും റെഡ് സോണിലേക്ക് പോയ സാഹചര്യത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയത്ത് റാപിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്നും ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ച ഉണ്ടായെന്നും ഇപ്പോഴും റാപിഡ് ടെസ്റ്റുകൾക്കുള്ള മതിയായ സൗകര്യം ജില്ലയിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരിക്കലും പ്രതീക്ഷിക്കാത്ത സാഹചര്യമാണ് ഇപ്പോൾ കോട്ടയത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീൻ സോണിൽ നിന്ന് റെഡ് സോണിലേക്കുള്ള മാറ്റം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പുറത്തു നിന്നും കേരളത്തിലെത്തുന്നവരെ നമ്മൾ നിരീക്ഷണത്തിലാക്കുന്നുണ്ട്. എന്നാൽ ടെസ്റ്റിന് വിധേയരാക്കുന്നില്ലെന്നും നിരീക്ഷണത്തിലുള്ളവരെ കൂടി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നുവെങ്കിൽ രോഗനിർണയം വേഗത്തിൽ സാധിക്കുമായിരുന്നുവെന്നും ഉമ്മൻചാണ്ടി പറയുന്നു.
വേഗത്തിൽ ചുവപ്പിൽ നിന്ന് പച്ചയിലേക്കെത്താൻ ജില്ലയ്ക്ക് സാധിക്കട്ടയെന്നും ഉമ്മൻചാണ്ടി പ്രത്യാശ പ്രകടിപ്പിച്ചു. ആരോഗ്യവകുപ്പും പൊലീസും ആത്മാർത്ഥമായി പ്രവർത്തിക്കുന്നുണ്ടെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.