gujarat

അഹമ്മദാബാദ്: ഗുജറാത്തിൽ കൊവിഡ് തീവ്രമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 247 പുതിയ കൊവിഡ് കേസുകളാണ് ഗുജറാത്തിൽ സ്ഥിരീകരിച്ചത്. ഇതേവരെ അഹമ്മദാബാദിൽ മാത്രം രോഗം സ്ഥിരീകരിച്ചത് 1,298 പേർക്കാണ്. ഗുജറാത്തിലെ സ്ഥിരീകരിച്ച ആകെ കൊവിഡ് 19 പോസിറ്റീവ് കേസുകളിൽ 89 ശതമാനവും അഹമ്മദാബാദ്, സൂറത്ത്, വഡോദര ജില്ലകളിലാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതിൽ അഹമ്മദാബാദിൽ മാത്രം 65 ശതമാനം കൊവിഡ് കേസുകളാണുള്ളത്. സൂറത്തിൽ 16 ശതമാനവും വഡോദരയിൽ എട്ട് ശതമാനവും വീതമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് 27 ജില്ലകളിലുമായി 11 ശതമാനം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അംറേലി, ജുനാഗഡ്, ദ്വാരക എന്നീ മൂന്ന് ജില്ലകളിൽ ഇതേവരെ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്ത്യയിൽ മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഗുജറാത്തിലാണ്. ഡൽഹിയാണ് തൊട്ടുപിന്നിൽ. 3,548 പേർക്കാണ് ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ മരണം 162 ആണ്. എന്നാൽ ഗുജറാത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നില്ലെന്ന് ആരോപണമുണ്ട്. മരണത്തിലും രോഗബാധിതരുടെ എണ്ണത്തിലും ദേശീയ ശരാശരിയ്ക്കും മുകളിലുള്ള ഗുജറാത്തിൽ കൊവിഡിന്റെ തീവ്രത ഇരട്ടിയാകുമെന്നാണ് മുന്നറിയിപ്പ്.

394 പേർക്കാണ് ഗുജറാത്തിൽ ഇതേ വരെ രോഗം ഭേദമായത്. എന്നാൽ ഗുജറാത്തിന് തൊട്ടുപിന്നിലുള്ള ഡൽഹിയിൽ 877 പേർക്കാണ് രോഗം ഭേദമായിരിക്കുന്നത്. മരണനിരക്കും ഗുജറാത്തിനിനെ അപേക്ഷിച്ച് ഡൽഹിയിൽ കുറവാണ്. 54 പേരാണ് ഡൽഹിയിൽ ഇതേവരെ മരിച്ചത്. 3,108 പേർക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കൊവിഡ് 19 രോഗികളിൽ ആയുർവേദ മരുന്നുകൾ പരീക്ഷിക്കുമെന്ന് ഗുജറാത്ത് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഹമ്മദാബാദിൽ ചികിത്സയിലുള്ള 75 രോഗികളിലാകും ആയുർവേദ മരുന്നിന്റെ പരീക്ഷണം നടത്തുക. തിരഞ്ഞെടുത്തവരിൽ വൈറസ് ബാധയുണ്ടെന്നും എന്നാൽ സാധാരണ കൊവിഡ് രോഗികളെ പോലെ പനി, ശ്വാസതടസം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഇല്ലെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു. ചികിത്സയ്ക്കായി പ്രത്യേക കേന്ദ്രം തിരഞ്ഞെടുക്കും. സാധാരണ ആയുർവേദ മരുന്നുകൾക്കുള്ള പോലെ പഥ്യവും ആഹാരക്രമീകരണവും ഈ മരുന്നുകൾക്കുമുണ്ട്.

അതേ സമയം,​ ഗുജറാത്തിൽ കൊവിഡ് മരണങ്ങൾ കൂടുന്നതിന്റെ കാരണം ചൈനയിലെ വുഹാനിൽ കണ്ടെത്തിയത് പോലുള്ള എൽ ടൈപ്പ് കൊറോണ വൈറസാണെന്ന് ഗുജറാത്ത് ബയോടെക്നോളജി സെന്റർ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നതായി സർക്കാർ പറയുന്നു. എസ് ടൈപ്പ് വൈറസുകളെക്കാൾ കൂടുതൽ അപകടം എൽ ടൈപ്പ് വൈറസുകളാണെന്ന് ഇവർ അഭിപ്രായപ്പെടുന്നു.

പരിശോധന നടക്കുന്നില്ലെന്ന് ആരോപണം

ഗുജറാത്തിൽ കൊവിഡ് പരിശോധനകൾ ഫലപ്രദമാകുന്നില്ലെന്നും ആരോപണം ഉയരുന്നു. അഹമ്മദാബാദിൽ കൊവിഡ് സ്ഥിരീകരിച്ച റെയിൽവേ ജീവനക്കാരനായ 36കാരനാണ് ആരോഗ്യവകുപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇയാളുടെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇയാളുടെ അമ്മ കൊവിഡിനെ തുടർന്ന് വെന്റിലേറ്ററിൽ കഴിയുകയാണ്. എന്നിട്ടും ഇതേവരെ തന്റെ ഭാര്യയെയും മൂന്ന് മക്കളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാൻ അധികൃതർ തയാറായില്ലെന്നാണ് ആരോപണം.

എന്നാൽ, അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ ആരോപണം നിഷേധിച്ചു. ഏപ്രിൽ 23ന് ആരോപണമുന്നയിച്ചിരിക്കുന്നയാളുടെ പിതാവിന് കൊവിഡ് കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ ഇവരുടെ കുടുംബത്തെ സമീപിച്ചെങ്കിലും ഇവർ സഹകരിക്കാൻ തയാറായില്ലെന്ന് അധികൃതർ പറയുന്നു. ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടിട്ടും പിതാവിനെ സംബന്ധിച്ച വിവരങ്ങൾ കൈമാറാനും ഇവർ തയാറായില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. അതേസമയം, 25ന് പിതാവ് മരിച്ചതിനെ തുടർന്ന് താൻ സ്വയം ആശുപത്രിയിൽ പോയി പരിശോധന നടത്തുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്.