എറണാകുളം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് നിയമപരമല്ലെന്നും ഹൈക്കോടതി പറഞ്ഞു. പ്രത്യേക ഉത്തരവിലൂടെ ശമ്പളം പിടിച്ചുവയ്ക്കാനുള്ള അവകാശം സർക്കാരിനില്ലെന്നും കോടതി വ്യക്തമാക്കി. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും അത് സ്വത്തിന്റെ പരിധിയിൽ വരുമെന്നും പറഞ്ഞ ഹൈക്കോടതി പ്രത്യേക ഉത്തരവിലൂടെ ശമ്പളം തടഞ്ഞുവെക്കാനാകില്ലെന്നും പറഞ്ഞു.സർക്കാരിന് അപ്പീൽ നൽകാമെന്നും കോടതി അറിയിച്ചു.
സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജികളിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ശമ്പളം മാറ്റിവയ്ക്കുന്നത് നിരസിക്കുന്നതിന് തുല്യമാണ്. കൊവിഡ് കാലത്തെ സർക്കാർ പ്രവർത്തനങ്ങൾ അഭിനന്ദനമർഹിക്കുന്നു. എന്നാൽ അതിന്റെ പേരിൽ വ്യക്തികളുടെ അവകാശങ്ങൾ ചോദ്യം ചെയ്യാനാകില്ലെന്ന് കോടതി പറഞ്ഞു.
എല്ലാവരുടെയും പിന്തുണ സർക്കാരിന് വേണ്ട അസാധാരണമായ സാഹചര്യമാണ് ഇപ്പോഴത്തേതെന്ന് ഹൈക്കോടതി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ ശമ്പളം അവകാശമാണ്. ഇതൊരു നിയമപ്രശ്നമാണെന്നും അതിനെ നിയമപരമായി മാത്രമേ കാണാനാവൂ എന്നും കോടതി പറഞ്ഞു.
ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കുന്നു എന്നാണ് പറയുന്നതെങ്കിലും ഇത് എന്ന് തിരികെ തരുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.തുക എന്തിന് വേണ്ടിയാണ് ഉപയോഗിക്കുകയെന്ന് പറഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധി എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി എന്ന പേരു പറഞ്ഞ് ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് അംഗീകരിക്കാനാകില്ല. അതിനാൽ ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുകയാണെന്നും കോടതി പറഞ്ഞു.
ഒരു ദിവസത്തെ ശമ്പളം പിടിച്ചാലും അത് വേതന നിഷേധമെന്ന് ഹർജിക്കാർ വാദിച്ചു. സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണം. പ്രളയകാലത്തെ സാലറി ചലഞ്ചും ഇപ്പോഴത്തെ സാലറി കട്ടും തമ്മിൽ വ്യത്യാസമുണ്ടെന്നായിരുന്നു സർക്കാർ മറുപടി. എന്നാൽ കോടതി ഈ വാദം ചെവികൊണ്ടില്ല. ഉത്തരവ് ആർക്ക് എതിരായാലും അപ്പീൽ പോകാൻ തടസമില്ലെന്നും സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിൽ പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സർക്കാർ പറയുന്നുണ്ട്. ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ ശമ്പളമുള്ളവർ മാസം ആറുദിവസത്തെ ശമ്പളം നൽകണമെന്നാണ് ഉത്തരവിൽ ഉളളത്. അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ഹർജി പരിഗണിച്ചതെന്നും കോടതി വിശദീകരിച്ചു.
അതേസമയം, സാലറി കട്ടല്ല താത്ക്കാലികമായ മാറ്റിവയ്ക്കലാണ് സർക്കാർ ചെയ്യുന്നതെന്നായിരുന്നു അഡ്വക്കറ്റ് ജനറൽ സുധാകര പ്രസാദ് കോടതിയിൽ വാദിച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാരിന് 8000 കോടി രൂപയാണ് ആവശ്യം. സൗജന്യ റേഷനും സമൂഹ അടുക്കളയും ക്ഷേമപെൻഷൻ വിതരണവും ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചെയ്തുകഴിഞ്ഞു. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാർ തയ്യാറാണെന്നും അഡ്വക്കറ്റ് ജനറൽ കോടതിയിൽ പറഞ്ഞിരുന്നു.
ശമ്പളം മാറ്റിവയ്ക്കാനുള്ള സർക്കാർ തീരുമാനം നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും സംഘടനകൾ ഹൈക്കോടതിയിൽ എത്തിയത്.