തിരുവനന്തപുരം: രണ്ട് വർഷം മുമ്പ് കാണാതായ മകൾ ജെസ്നയെ കണ്ടെത്തിയെന്ന അഭ്യൂഹമറിഞ്ഞ്, പ്രാർത്ഥനകളോടെ അവളുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് പത്തനംതിട്ട കൊല്ലമുള്ള സന്തോഷ് കവല കുന്നത്ത് വീട്ടിൽ കോൺട്രാക്ടറായ ജെയിംസ് ജോസഫ്. മകളെ സംസ്ഥാനത്തിന് പുറത്തെവിടെയോ കണ്ടെത്തിയെന്ന അഭ്യൂഹത്തോട് അദ്ദേഹം കേരളകൗമുദി ഓൺലൈനിനോട് പ്രതികരിച്ചതിങ്ങനെ:
'മകൾ മടങ്ങിവരുമെന്ന ശുഭപ്രതീക്ഷയിലാണ് ഇത്രയും നാൾ കഴിഞ്ഞത്. എത്രയും വേഗം അവളുടെ മടങ്ങിവരവിനായി കൊതിച്ചിരിക്കുകയാണ് ഞാൻ. വാർത്തകളിൽ നിന്നല്ലാതെ മകളെപ്പറ്റി യാതൊരു സൂചനകളും തനിക്കില്ല. അന്വേഷണ ഉദ്യോഗസ്ഥരാരും യാതൊരുവിവരവും വെളിപ്പെടുത്തിയിട്ടില്ല. വാർത്തകളറിഞ്ഞെങ്കിലും ഉദ്യോഗസ്ഥരെ ആരെയും അങ്ങോട്ട് ബന്ധപ്പെടാനും തുനിഞ്ഞില്ല. വാർത്തകളിൽ നിന്നറഞ്ഞ വിവരമല്ലാതെ മറ്റൊന്നും തനിക്കറിയാത്തതിനാൽ ഇതേപ്പറ്റി തത്കാലം കൂടുതൽ പ്രതികരിക്കാനില്ല'.
2018 മാർച്ച് 22നാണ് കുന്നത്ത് വീട്ടിൽ നിന്ന് ജസ്നയെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന ജസ്ന മുക്കൂട്ട് തറയിലെ ബന്ധുവീട്ടിലേക്ക് പോകാനായി അയൽവാസിയുടെ ആട്ടോയിൽ പോയതായിരുന്നു. മുക്കൂട്ടുതറ ജംഗ്ഷൻ വരെ ആട്ടോയിലെത്തിയ ജെസ്ന അവിടെ നിന്ന് മുണ്ടക്കയം വഴി എരുമേലിവരെ ബസിൽ പോയതായി സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് യാതൊരുവിവരവും ഉണ്ടായില്ല.. മൊബൈൽ ഫോൺ എടുക്കാതിരുന്നതും ജെസ്നയെ കണ്ടതായുള്ള കൃത്യമായ വിവരങ്ങൾ എങ്ങുനിന്നും ലഭിക്കാതെ പോയതുമാണ് അന്വേഷണത്തിന് തടസമായത്. മാസങ്ങളോളം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീം അന്വേഷിച്ചെങ്കിലും സൂചനയില്ലാതായ കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ തച്ചങ്കരി മുൻഗണനാടിസ്ഥാനത്തിൽ അന്വേഷിക്കേണ്ട കേസുകളുടെ കൂട്ടത്തിൽ ജസ്ന കേസും ഉൾപ്പെടുത്തിയതോടെയാണ് ഇപ്പോൾ സംസ്ഥാനത്തിന് പുറത്തുള്ള ഒരു കേന്ദ്രത്തിൽ ജസ്നയുള്ളതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരിക്കുന്നതത്രേ. ജസ്ന ജീവനോടെയുണ്ടെന്ന സൂചനയാണ് പേരുവെളിപ്പെടുത്താൻ തയ്യാറാകാത്ത ഒരു ഉന്നത പൊലീസുദ്യോഗസ്ഥൻ നൽകിയത്. ഇന്ത്യയൊട്ടാകെ ജസ്നയ്ക്ക് വേണ്ടി തെരച്ചിൽ നടത്തുമ്പോഴും രണ്ട് വർഷക്കാലത്തെ ജസ്നയുടെ തിരോധാനത്തിനും ഇതോടൊപ്പം ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ജസ്നയെ നാട്ടിലെത്തിക്കാനും തിരോധാനവുമായി ബന്ധപ്പെട്ട സംശയങ്ങളുടെ ചുരുളഴിക്കാനുമുള്ള ശ്രമങ്ങൾ ക്രൈംബ്രാഞ്ച് നടത്തുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.