കിളിമാനൂർ : തിരക്കൊഴിഞ്ഞ ഗ്രാമത്തിൽ ഇര തേടിയെത്തിയ രണ്ട് പെൺമയിലുകൾ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ചത്തു. കിളിമാനൂർ പനപ്പാംകുന്ന് മുൻ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. രവീന്ദ്രൻ ഉണ്ണിത്താന്റെ മലയ്ക്കൽ ഹൗസിന് മുന്നിലാണ് ഇന്നലെ രാവിലെ 6 മണിയോടെ നാട്ടുകാരെ വേദനിപ്പിച്ച സംഭവം.
വീടിന് മുന്നിലൂടെ കടന്നുപോകുന്ന 11 കെ.വി ഇലക്ട്രിക് ലൈനിൽ ഇവ പറന്നിറങ്ങുകയായിരുന്നു. സംഘത്തിൽ ഇരുപതോളം മയിലുകൾ ഉണ്ടായിരുന്നു. എന്നാൽ മറ്റുള്ളവ സമീപ പ്രദേശങ്ങളിൽ ഇരതേടി പോയിരുന്നു. ഒരു മയിലിന്റെ ചിറക് ലൈനിൽ തട്ടി. വൻ ശബ്ദത്തോടെ ആ മയിൽ കത്തിക്കരിഞ്ഞ് താഴേക്കുവീണു. ശബ്ദം കേട്ട് ഭയന്ന് പറന്നുയരാൻ ശ്രമിച്ച രണ്ടാമത്തെ മയിലിനും ഷോക്കേൽക്കുകയായിരുന്നു. ഇവയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് പരിസരത്തുണ്ടായിരുന്ന മയിലുകളും കാക്കകളും ഒത്തുകൂടി. സമീപ വാസിയായ രവീന്ദ്രൻ ഉണ്ണിത്താനും നാട്ടുകാരും എത്തിയെങ്കിലും അപ്പോഴേക്കും മയിലുകൾ ചത്തിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് സെക്കൻഡ് ഫോറസ്റ്റ് ഓഫീസർ ബിന്ദു രാജിന്റെ നേതൃത്വത്തിലെത്തിയ വനപാലകർ മയിലുകളെ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു.
മടവൂർ, പള്ളിക്കൽ പഞ്ചായത്ത് പ്രദേശത്താണ് ഇളമ്പ്ര ക്കോട് വനം. ഇവിടെ വേണ്ടത്ര തീറ്റ ലഭിക്കാതായതോടെ മയിൽ, കുരങ്ങ്, പന്നി തുടങ്ങിയ വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങാറുണ്ട്. മയിലുകൾക്ക് പല വീട്ടുകാരും ഭക്ഷണം നൽകുന്ന പതിവുമുണ്ട്. കൃഷി നശിപ്പിക്കുമെങ്കിലും മയിലുകളോട് പ്രത്യേക സ്നേഹം കാണ്ടാറുണ്ട് നാട്ടുകാർ...