വർക്കല: വർക്കലയിലും കോവളത്തും വിദേശ വിനോദ സഞ്ചാരികൾക്ക് വൻതോതിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന നിരവധി കേസുകളിലെ പ്രതിയെ വർക്കല പൊലീസ് ഒന്നരക്കിലോ ഹാഷിഷുമായി പിടികൂടി. വർക്കല പുന്നമൂട് നന്ദനം വീട്ടിൽ ജയകുമാർ (57) ആണ് പിടിയിലായത്. മയക്കുമരുന്ന് വിദേശികൾക്ക് കൈമാറുന്നതിനിടെയാണ് ഇയാൾ വലയിലായത്. വർക്കലയിൽ സൂപ്പർമാർക്കറ്റും ഹോംസ്റ്റേയും നടത്തി വന്നിരുന്ന ഇയാൾ 2000 മുതൽ മയക്കുമരുന്ന് കച്ചവടവും കളളനോട്ട് ഇടപാടുകളും നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. 2005 ൽ ഒന്നരലക്ഷം രൂപയുടെ കളളനോട്ട് കൈവശം വച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2006 ൽ കൊട്ടാരക്കര സ്റ്റേഷനിൽ കളളനോട്ട് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. 2004 ൽ ഹാഷിഷും ചരസും കഞ്ചാവും വിറ്റതിന് വർക്കല എക്സൈസിന്റെ പിടിയിലാവുകയും ആ കേസിൽ ജില്ലാ കോടതി ഇയാളെ 5 വർഷത്തേക്ക് ശിക്ഷിക്കുകയും 2 വർഷം ശിക്ഷ അനുഭവിക്കുകയും ചെയ്തു. ഈ കേസ് ഇപ്പോൾ അപ്പീലിലാണ്.
ലോക്ക് ഡൗൺ കാലത്ത് വർക്കല തിരുവമ്പാടി ബീച്ചിന് സമീപം അമിതമായി ലഹരിമരുന്ന് ഉപയോഗിച്ച അവസ്ഥയിൽ കണ്ട ജർമ്മൻ സ്വദേശിയായ വിനോദസഞ്ചാരിയിൽ നിന്നു പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 2 ഗ്രാം ഹാഷിഷ് ഇയാൾ 6000 രൂപാ നിരക്കിൽ വിറ്റുവരുന്നതായി അറിഞ്ഞത്. കിലോയ്ക്ക് 5 ലക്ഷം രൂപയ്ക്ക് ഗോവയിൽ നിന്നെത്തിക്കുന്ന ഹാഷിഷ് 30 ലക്ഷം രൂപയ്ക്കാണ് ഇയാൾ വർക്കലയിലും കോവളത്തുമായി ചില്ലറ വിൽപ്പന നടത്തിവന്നത്. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കണക്ക് പ്രകാരം അന്താരാഷ്ട്ര മാർക്കറ്റിൽ 1 കിലോ ഹാഷിഷിന് ഒന്നരക്കോടി രൂപ വിലയുണ്ട്. വിദേശ വിനോദസഞ്ചാരികൾക്കും അന്യസംസ്ഥാന വിനോദസഞ്ചാരികൾക്കും മാത്രമേ ഇയാൾ ഈ മയക്കുമരുന്ന് വില്ക്കാറുളളൂ.നിരീക്ഷണത്തിലായിരുന്ന ജയകുമാർ ഹാഷിഷുമായി പാപനാശം കടപ്പുറത്തെ ഒരു സ്ഥലത്ത് എത്തുമെന്ന വിവരം ജില്ലാ പൊലീസ് മേധാവി ബി.അശോകന് ലഭിച്ചതിനെ തുടർന്ന്, ആറ്റിങ്ങൽ ഡിവൈ.എസ്.പി പി.വി. ബേബിയുടെ നിർദ്ദേശപ്രകാരം വർക്കല സി.ഐ ജി.ഗോപകുമാർ, സബ് ഇൻസ്പെക്ടർ പി.അജിത്ത്കുമാർ, പ്രൊബേഷനറി എസ്.ഐ പ്രവീൺ, സി.പി.ഒമാരായ നാഷ്, ഡിസിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.