pic

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന്റെ ഭാഗമായി സർക്കാർ നിർദേശാനുസരണം തുറന്ന കടകൾ ,​ പൊലീസെത്തി അടപ്പിക്കുന്ന പ്രവണത പ്രതിഷേധാർഹമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് ചാല കമ്പോളത്തിലെയും പരിസര പ്രദേശങ്ങളിലേയും കടകൾ തുറന്നു പ്രവർത്തിച്ചിരുന്നു. എന്നാൽ ചാലയിൽ ഇന്ന് തുറന്ന മുഴുവൻ വ്യപാര സ്ഥാപനങ്ങളും പൊലീസെത്തി അടപ്പിക്കുകയായിരുന്നു. കടകൾ തുറക്കുവാൻ സർക്കാർ നിർദേശം നൽകുകയും പിന്നാലെ പൊലീസ് എത്തി അടപ്പിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം നീതികരിക്കാനാവില്ല.

ജില്ലയിൽ ഏതൊക്കെ കടകൾ, എപ്പോഴൊക്കെ, തുറന്നു പ്രവർത്തിക്കാമെന്ന വ്യക്തമായ സർക്കുലർ ജില്ലാ കളക്ടർ അടിയന്തരമായി പുറപ്പെടുവിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കമലാലയം സുകു, ജില്ലാ പ്രസിഡന്റ് കെ. എസ്. രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി എസ്. എസ്. മനോജ്, ജില്ലാ ട്രഷറർ നെട്ടയം മധു എന്നിവർ ആവശ്യപ്പെട്ടു.